അവസാനമായി അപ്പാ എന്നു വിളിച്ചോട്ടേ?; കണ്ണുനനയിച്ച് സ്റ്റാലിന്റെ കത്ത്

കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിൽ പൊട്ടിക്കരയുന്ന മകൻ എം.കെ. സ്റ്റാലിൻ.

ചെന്നൈ∙ 'അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടേ?' ഡിഎംകെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിൻ‌ വിടവാങ്ങിയ അച്ഛനെഴുതിയ കത്താണിത്. അഞ്ചു തവണ മുഖ്യമന്ത്രിയും 50 വർഷത്തോളം പാർട്ടി നേതാവുമായിരുന്ന കരുണാനിധിയുടെ വേർപാടിൽ തമിഴകം കേഴുമ്പോൾ പിതാവിന് കണ്ണുനിറയ്ക്കുന്ന വരികളുമായി സ്റ്റാലിനെത്തി.

‘അപ്പായെന്ന് വിളിക്കേണ്ടതിന് പകരം തലൈവരെ എന്നാണ് ഞാൻ വിളിച്ചത്. അവസാനമായി ഞാനൊന്ന് അപ്പായെന്ന് വിളിച്ചോട്ടെ, തലൈവരേ? എവിടെയെങ്കിലും പോകുന്നതിനുമുൻപ് എങ്ങോട്ടാണു പോകുന്നതെന്നു പറഞ്ഞിട്ടല്ലെ പോകാറ്? ഇത്തവണ എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ. 33 വർഷങ്ങൾക്കു മുൻപു നിങ്ങൾ പറ​ഞ്ഞു, എന്റെ ശവകുടീരത്തിൽ ഇങ്ങനെ എഴുതണമെന്ന് – ‘ജീവിതകാലം മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്തയാൾ ഇവിടെ വിശ്രമിക്കുന്നു’. തമിഴകത്തിനായി ഒഴുക്കിയ വിയർപ്പിലും കഠിനാധ്വാത്തിലും പൂർണതൃപ്തനായാണോ നിങ്ങൾ മടങ്ങിയത്?''

എം. കരുണാനിധിയും മകൻ എം.കെ. സ്റ്റാലിനും

അച്ഛന്റെ മരണവാർത്തയറിഞ്ഞ ശേഷമാണ് സ്റ്റാലിൻ വികാരനിർഭരമായ ഈ കത്തെഴുതിയത്. കഴി​​ഞ്ഞ ദിവസം ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു കരുണാനിധിയുടെ അന്ത്യം. പനിയും അണുബാധയും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. സ്റ്റാലിനെ പിൻഗാമിയായി പ്രഖ്യാപിച്ചാണ് കരുണാനിധി വിടവാങ്ങിയത്. അൻപതിലേറെ വർഷത്തെ രാഷ്ട്രീയപ്രവർത്തനം കൈമുതലായുള്ള സ്റ്റാലിൻ നിലവിൽ ഡിഎംകെയുടെ വർക്കിങ് പ്രസിഡന്റാണ്. കലൈജ്ഞർ യുഗം അവസാനിക്കുന്നിടത്ത് ദളപതിയുഗം തുടങ്ങുകയായി.