കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉടനില്ല; ആവശ്യത്തിനുള്ളത് ഇപ്പോഴുണ്ടെന്നും റെയിൽവേ

കോട്ടയം ∙ കോച്ച് ഫാക്ടറി വിഷയത്തിൽ കേരളത്തിന്റെ പ്രതിഷേധങ്ങളെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി സമീപഭാവിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയില്‍വേ മന്ത്രാലയം ആവർത്തിച്ചു. റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ നിലവിലെ കോച്ച് ഫാക്ടറികള്‍ പര്യാപ്തമാണെന്നും പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എം.ബി.രാജേഷ് എംപിക്കു നല്‍കിയ മറുപടിയിലാണു റെയില്‍വേ മന്ത്രാലയം ഇക്കാര്യം ആവര്‍ത്തിച്ചത്. മുമ്പും ഇതേ നിലപാടില്‍ ഉറച്ച് റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ എം.ബി.രാജേഷിനു കത്തു നല്‍കിയിരുന്നു.

തുടര്‍ന്നു ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇടതുപക്ഷ എംപിമാര്‍ റെയില്‍ഭവനു മുന്നില്‍ പ്രതിഷേധധര്‍ണ നടത്തി. കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനു കത്തയച്ചു. ഇതേ ആവശ്യവുമായി പീയുഷ് ഗോയലിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിക്കുകയും ചെയ്തു. 2008-09 റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറിക്കായി 239 ഏക്കര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഏറ്റെടുത്തു റെയില്‍വേയ്ക്കു കൈമാറിയിട്ടുണ്ട്.

ശബരി റെയില്‍പാതയുടെ അങ്കമാലി- കാലടി ഏഴു കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 1.5 ഏക്കര്‍ സ്ഥലം ലഭ്യമാക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണെന്നും റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. അലൈന്‍മെന്റില്‍ തർക്കം ഉള്ളതിനാല്‍ കോട്ടയത്തു സ്ഥലമേറ്റെടുപ്പിനെതിരേ പ്രതിഷേധം ഉയര്‍ന്നതും പദ്ധതി നടത്തിപ്പിനു തടസമായി. കുറുപ്പന്തറ– ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുറുപ്പന്തറ- ഏറ്റുമാനൂര്‍ റീച്ചില്‍ പണി പുരോഗമിക്കുകയാണ്. 18 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്നു റെയില്‍വേയ്ക്കു കൈമാറണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.