ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 221.76 പോയിന്റ് ഉയർന്നു

മുംബൈ∙ ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിന്റെ ദിനം. സെൻസെക്സ് 221.76 പോയിന്റ് ഉയർന്ന് 37,887.56 ൽ എത്തി. നിഫ്റ്റി 60.55 പോയിന്റ് കയറി 11,450ലാണ് ക്ലോസ് ചെയ്തത്. 1,309 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,393 ഓഹരികൾക്കു നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ സൂചികകൾ കുതിപ്പുകാട്ടി. ബാങ്ക് ഓഹരികളിലുണ്ടായ വാങ്ങലാണു നിഫ്റ്റിയെ 11,450 എന്ന നിലവാരത്തിലെത്തിച്ചത്.

എൻഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കു നഷ്ടം നേരിട്ടു. ഓട്ടോ, ഫാർമ ഹെൽത്ത് കെയർ, ഐടി തുടങ്ങിയ സെക്ടറുകളും നഷ്ടത്തിലായിരുന്നു. എനർജി സെക്ടറാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, റിലയൻസ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, എസ്ബിഐ എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ലൂപിൻ, മാരുതി സുസുക്കി, എച്ച്പിസിഎൽ, ബിപിസിഎൽ, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വില ഇട‌ിഞ്ഞു.