കേരളത്തിൽ റെക്കോർഡ് മഴ; 40 സെന്റിമീറ്ററുമായി നിലമ്പൂർ മുന്നിൽ

പത്തനംതിട്ട ∙ പെയ്തിറങ്ങിയ മഴയുടെ റെക്കോർഡിൽ നനഞ്ഞ് കേരളം. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് റെക്കോർഡ് മഴ പെയ്തത് നിലമ്പൂരിൽ— 40 സെന്റീമീറ്റർ. മാനന്തവാടിയിൽ 30 സെന്റീമീറ്ററും മൂന്നാറിൽ 25 സെന്റീമീറ്ററും രേഖപ്പെടുത്തി. പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും 21 സെന്റീമീറ്ററാണ് പേമാരിയുടെ കണക്ക്. ‌മണ്ണാർക്കാട് (17 സെമീ), ചിറ്റൂർ (15), അമ്പലവയൽ (11), ഇടുക്കി (9), കുറ്റ്യാടി (9), കോന്നി (8) എന്നിങ്ങനെയാണു മറ്റിടങ്ങളിലെ മഴ.

അന്നു പെയ്ത മഴയിൽ

1961 ഒക്ടോബറിലെ ഒരു ദിവസം. വൈത്തിരിയിൽ പെയ്ത 91 സെന്റിമീറ്റർ മഴ കേരളചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡാണെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിലെ രേഖകൾ പറയുന്നു. 1941 ജൂണിലെ ഒരു ദിവസം പെയ്ത 32 സെന്റീമീറ്ററാണ് ഇതിനു മുമ്പ് നിലമ്പൂരിൽ ലഭിച്ച റെക്കോർഡ് മഴ. മൂന്നാറിൽ ഒറ്റ ദിവസം 48 സെന്റിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്— 2005 മേയിലെ ഒരു ദിവസമായിരുന്നു ഇത്.

1968 ജൂലൈയിൽ ഒരു ദിവസം 24 സെമീ രേഖപ്പെടുത്തിയതാണു കോന്നിയിലെ റെക്കോർഡ്. കോട്ടയത്ത് ഇത് 29 സെമീയാണ്. 1932 മേയിലെ ഒരു ദിവസമായിരുന്നു പേമാരി. പീരുമേട്ടിൽ ഒരു ദിവസം 39 സെ.മീ പെയ്തത് സംബന്ധിച്ച് 19—ാം നൂറ്റാണ്ടിലെ കണക്കുകളും കാലാവസ്ഥാ കേന്ദ്രത്തിലുണ്ട്. 1868 ജൂലൈയിലെ ഒരു ദിവസമായിരുന്നു ഇത്. മുംബൈയിൽ 2005 ജൂലൈയിൽ മഹാപ്രളയം സൃഷ്ടിച്ച മഴയും ഒറ്റ ദിവസത്തേതായിരുന്നു. 94 സെ.മീ മഴയാണ് അന്ന് 24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത്. 1910 ജൂലൈയിൽ ചിറാപുഞ്ചിയിൽ ഒരു ദിവസം 83 സെ.മീ മഴ രേഖപ്പെടുത്തി. 

സംസ്ഥാനത്ത് ആകെ 72 മഴമാപിനികളാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് (ഐഎംഡി) ഉള്ളത്. കാഞ്ഞിരപ്പള്ളി, തിരുവല്ല, കൊല്ലം, തൃശൂർ, വൈത്തിരി തുടങ്ങിയ ചില സ്റ്റേഷനുകളിലേതു പ്രവർത്തിക്കുന്നില്ല. 1836 ൽ സ്വാതി തിരുനാളിന്റെ കാലത്ത് ആരംഭിച്ച തിരുവനന്തപുരം ഒബ്സർവേറ്ററിയാണ് പിൽക്കാലത്ത് കാലാവസ്ഥാ കേന്ദ്രമായി മാറുന്നത്. 1853 ലായിരുന്നു ഇതിനു തുടക്കമിടുന്നത്.