കലൈജ്ഞർ അസ്തമിക്കുമ്പോൾ ഉദയകിരണമായി സ്റ്റാലിൻ; ഇനി യുവരാജാവിന്റെ ഊഴം

എം. കരുണാനിധിയും മകൻ എം.കെ. സ്റ്റാലിനും (ഫയൽ ചിത്രം)

ചെന്നൈ∙ ജയലളിതയുടെ മരണം തമിഴ്നാട്ടിലുണ്ടാക്കിയ രാഷ്ട്രീയശൂന്യത ഒന്നരവർഷം പിന്നിട്ടിട്ടും മികച്ച രീതിയിൽ മുതലെടുക്കാൻ മറ്റൊരു മുൻനിര ദ്രാവിഡകക്ഷിയായ ഡിഎംകെയ്ക്കായിട്ടില്ലെന്നതാണു വാസ്തവം. താരറാണിയായും തമിഴ് മക്കളുടെ അമ്മയായും പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന പുരട്ചി തലൈവിയുടെ മരണത്തോടെ അരക്കോടിയോളം അംഗങ്ങൾ എഐഎഡിഎംകെ വിട്ടുപോയെന്നാണു കണക്കുകൾ. എന്നാൽ ഇവരെ വേണ്ടവിധം സ്വപക്ഷത്തിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങൾ സംസ്ഥാനത്തെ മുൻനിര ദ്രാവിഡ പാർട്ടികളിലൊന്നായ ഡിഎംകെയ്ക്കോ സ്റ്റാലിനോ ആയിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കരുണാനിധിയുടെ നിര്യാണത്തോടെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയപാരമ്പര്യത്തിലൂടെ ലഭിച്ച തന്ത്രങ്ങളുടെ ആവനാഴിയും ഡിഎംകെയ്ക്ക് നഷ്ടമാകുകയാണ്. ഈ ശൂന്യത മറികടക്കാൻ ഡിഎംകെയ്ക്കും എം.കെ.സ്റ്റാലിനുമാകുമോ എന്നതാകും ആ പാർട്ടിയുടെ ഭാവി നിർണയിക്കുക.

അസുഖത്തെത്തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് കരുണാനിധി വിട്ടുനിന്ന രണ്ടു വർഷങ്ങളിൽ തന്നെ ഡിഎംകെയിൽ ഉൾപാർട്ടി അധികാര വടംവലികളും ആരംഭിച്ചിരുന്നു. വർക്കിങ് പ്രസിഡന്റായി സ്റ്റാലിനെ കരുണാനിധി ഉയർത്തിക്കാട്ടിയെങ്കിലും അദ്ദേഹത്തിന് പാർട്ടിയിൽ ഇനിയും കാര്യമായി പിടിയുറപ്പിക്കാനായിട്ടില്ല. തെക്കൻ തമിഴ്നാട്ടിൽ സ്വാധീനമുള്ള സഹോദരൻ അഴഗിരിയെ അടുപ്പിക്കാതെ ഒറ്റയ്ക്കു മുന്നേറാൻ സ്റ്റാലിനാകില്ലെന്നാണ് വിലയിരുത്തൽ. പിതാവിന്റെ അഭാവത്തിൽ അഴഗിരിയെ സ്റ്റാലിൻ എങ്ങനെ അനുനയിപ്പിച്ച് ഒപ്പം കൂട്ടുമെന്നതും കാത്തിരുന്നു കാണണം.

അർധസഹോദരി കനിമൊഴിക്കൊപ്പം മുൻകേന്ദ്രമന്ത്രി കൂടിയായ എ.രാജയും പാർട്ടിയിൽ പുതിയ അധികാര സമവാക്യങ്ങൾക്കായി രംഗത്തുണ്ട്. ടു ജി സ്പെക്ട്രം അഴിമതിക്കേസിൽ കുറ്റവിമുക്തരായതോടെ ശക്തരായ ഇരുവരും ഒന്നിച്ച് പാർട്ടിക്കുള്ളിൽ സ്റ്റാലിന് തലവേദന സൃഷ്ടിക്കാനിടയുണ്ട്. 1982 ൽ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയെന്ന പദവി സൃഷ്ടിച്ചാണ് കരുണാനിധി, മകൻ സ്റ്റാലിന് പാർട്ടി നേതൃവഴിയിലേക്കു പരവതാനി വിരിച്ചത്. നിലവിൽ 65 കാരനായ സ്റ്റാലിൻ കഴിഞ്ഞ വർഷം ഡിഎംകെ വർക്കിങ് പ്രസിഡന്റായി ചുമതലയേൽക്കും വരെ പാർട്ടി യുവജനവിഭാഗം സെക്രട്ടറിയായി തുടർന്നതും തമിഴകം കണ്ടു. പാർട്ടിപ്രവർത്തനത്തിൽ സജീവമാകാൻ ശ്രമിക്കുന്ന മകനും ചലച്ചിത്രതാരവുമായ ഉദയനിധി സ്റ്റാലിനെ യുവജനവിഭാഗം സെക്രട്ടറിയാക്കി സ്റ്റാലിൻ പാർട്ടിയിൽ തന്റെ പിടിമുറുക്കുമെന്ന സൂചന നിലവിലുണ്ട്. ഇത്തരമൊരു നീക്കമുണ്ടായാൽ പാർട്ടിയിലെ മറ്റ് നേതാക്കൾ കുടുംബവാഴ്ചയ്ക്കെതിരെ പോർമുഖം തുറക്കാനുമിടയുണ്ട്.

പാർട്ടിക്കുള്ളിലെ വെല്ലുവിളികൾക്കുമപ്പുറമാണ് സ്റ്റാലിനെ പുറത്തു കാത്തിരിക്കുന്ന വെല്ലുവിളികൾ. വെള്ളിത്തിരയിലെ ‘ഉലകനായകൻ’ കമൽഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം പാർട്ടിയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും എഐഎഡിഎംകെ അണികളിൽ കണ്ണുംനട്ട് രംഗത്തുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ സൂപ്പർസ്റ്റാർ രജനീകാന്തും തന്റെ രാഷ്ട്രീയമോഹങ്ങൾ വെളിപ്പെടുത്തിക്കഴിഞ്ഞു. ബുദ്ധിയും തന്ത്രങ്ങളും പകർന്ന കരുത്തനായ കരുണാനിധിയുടെ അഭാവത്തിൽ തമിഴക രാഷ്ട്രീയഗോദയിലെ അടിയൊഴുക്കുകളിലും പാർട്ടിയിൽ ഉണ്ടാകാനിടയുള്ള പടലപ്പിണക്കങ്ങളിലും സ്റ്റാലിൻ നിലയുറപ്പിക്കുമോ, അടിപതറുമോ... തമിഴകം കാത്തിരിക്കുന്ന വിലയേറിയ ഉത്തരവും ഇന്നതാണ്.