രക്ഷാപ്രവര്‍ത്തനത്തിനു കരസേനയും വ്യോമസേനയും; ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികര്‍

കനത്ത മഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈനികർ

തിരുവനന്തപുരം∙ കേരളത്തിൽ മഴക്കെടുതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ദുരന്ത നിവാരണത്തിനും രക്ഷാപ്രവര്‍ത്തനത്തിനും കരസേനയും വ്യോമസേനയും സജീവമായി രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്ര സൈനികരെ വേണമെങ്കിലും രംഗത്തിറക്കുമെന്നു പ്രതിരോധ വക്താവ് അറിയിച്ചു. സൈന്യം എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ്.

എട്ട് കോളം (ഒരു കോളത്തില്‍ മേധാവി ഉള്‍പ്പെടെ 31 സൈനികര്‍) സൈനികരെയാണു കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിന്യസിച്ചിരിക്കുന്നത്. പാങ്ങോട് മിലിട്ടറി ക്യാംപില്‍നിന്ന് ഒരു കോളം സൈനികരെ ഒരു ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ വിന്യസിച്ചിട്ടുണ്ട്. ഡിഎസ്‌സി (ഡിഫന്‍സ് സെക്യൂരിറ്റി കോപ്സ്) കണ്ണൂരില്‍നിന്ന് ഒരു കോളം സൈനികരെ ഇടുക്കിയിലേക്ക് അയച്ചിട്ടുണ്ട്. ഇരുട്ടി, താമരശേരി, വയനാട്, മലപ്പുറം എന്നിവിടങ്ങളിലും ഓരോ കോളം സൈനികരെ കണ്ണൂരില്‍നിന്നു വിന്യസിച്ചിട്ടുണ്ട്.

കനത്ത മഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈനികർ

വയനാടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ലഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലാണു പുരോഗമിക്കുന്നത്. കണ്ണൂരില്‍നിന്നുള്ള സൈനികര്‍ രണ്ടായി തിരിഞ്ഞു വൈത്തിരി, പനമരം മേഖലകളിലാണു പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍നിന്നു താമരശേരിയിലെത്തിയ മൂന്നു കോളം സൈനികര്‍ ചുരത്തിലെ ഗതാഗതം സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ്. കാലാവസ്ഥ മോശമായതിനാല്‍ 46 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ടു മണിക്കൂറെടുത്തതായി സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.

കനത്ത മഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സൈനികർ

ഇതു കൂടാതെ ബെംഗളൂരുവിലെ മദ്രാസ് എന്‍ജിനീറിങ് ഗ്രൂപ്പില്‍നിന്നുള്ള രണ്ടു കോളം സൈനികരെയും ഹൈദരാബാദില്‍നിന്നുള്ള ഒരു കോളം സൈനികരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വ്യോമസേനയുടെ എംഐ 17, എഎല്‍എച്ച് ഹെലികോപ്റ്ററുകള്‍ സുലൂര്‍ വ്യോമസേനാകേന്ദ്രത്തില്‍നിന്ന് എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ കാരക്കോണത്തുനിന്നു ദേശീയ ദുരന്ത നിവാരണ സേനയുടെ സൈനികരെ എഎന്‍- 32 വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.