കമൽഹാസൻ മോദി അനുകൂലിയോ, മോദി വിരോധിയോ?; നിലപാട് വ്യക്തമാക്കി ഉലകനായകൻ

കമൽഹാസൻ

ന്യൂഡൽഹി∙ താൻ മോദി അനുകൂലിയോ, മോദി വിരോധിയോ അല്ലെന്നും രാജ്യത്തിനും വികസനത്തിനുമാണു മുൻഗണന നൽകുന്നതെന്നും മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു കമൽഹാസൻ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

'മോദി വിരോധിയായിരിക്കുന്നതിൽ കാര്യമില്ല. എനിക്കു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണു താൽപര്യം. അതു രാഹുൽ ഗാന്ധിയോ കമൽഹാസനോ രജനികാന്തോ, ആരുതന്നെയാണെങ്കിലും അങ്ങനെയായിരിക്കണം. വ്യക്തികളോട് അമിതാരാധന പാടില്ല, ജനങ്ങൾ അത് അവസാനിപ്പിക്കണം. ഞാൻ മോദി അനുകൂലിയോ, മോദി വിരോധിയോ അല്ല. ഞാൻ രാജ്യത്തെ അനുകൂലിക്കുന്നു, വികസനത്തെ അനുകൂലിക്കുന്നു.' - കമൽഹാസൻ വ്യക്തമാക്കി.

എതിർ രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യുകയെന്ന പരമ്പരാഗത ചിന്താഗതി മാറണമെന്നും കമൽഹാസൻ പറഞ്ഞു. 'എതിർപാർട്ടികൾ ഇല്ലാത്ത രാജ്യസങ്കൽപത്തെ കുറിച്ചാണു ചില പാർട്ടികൾ പറയുന്നത്. ദാരിദ്ര്യമുക്ത രാജ്യം എന്നതിനായിരിക്കണം ആദ്യ പരിഗണന. പ്രതിപക്ഷ പാർട്ടിയല്ല, ദാരിദ്ര്യമായിരിക്കണം നമ്മുടെ ശത്രു.' - കമൽഹാസൻ പറഞ്ഞു.