കേരളത്തിൽ ശക്തമായ മഴ: എട്ടു ജില്ലകളിൽ റെഡ് അലർട്ട്

ആലുവയിൽ കലങ്ങിയൊഴുകുന്ന പെരിയാറിന്റെ ആകാശദൃശ്യം. ഇന്ത്യൻ വ്യോമസേന പുറത്തുവിട്ട ചിത്രം

കോട്ടയം∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 28 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പമ്പ ത്രിവേണി പാലം വെള്ളത്തിനടിയിലായി. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ തുടർന്നാണു പാലത്തിനു മുകളിൽ വെള്ളം കയറിയത്. ഇതോടെ ശബരിമലയിലേക്കുള്ള വഴിയും തടസപ്പെട്ടു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.  രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തി. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി. മഴദുരിതത്തിന്റെ വാർത്തകൾ ചുവടെ...