മഴദുരിതം വ്യക്തമായി; കണ്ണൂരിനെ കമ്പിളി പുതപ്പിച്ച് ഈ ഇതര നാട്ടുകാരൻ

രക്ഷാപ്രവർത്തനം നടത്തുന്നവർ (ഇടത്), വിഷ്ണു (വലത്)

കണ്ണൂർ ∙ വയനാടിനെയും കണ്ണൂരിനെയും കശക്കിയെറിഞ്ഞു താണ്ഡവമാടിയാണു മഴ കടന്നുപോയത്. ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങാകാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. മറുനാട്ടിൽനിന്നു കമ്പിളിപ്പുതപ്പു വിൽക്കാനെത്തിയ മധ്യപ്രദേശ് സ്വദേശി വിഷ്ണുവും ഇങ്ങനെ ദുരിതബാധിതർക്ക് ആശ്വാസമായി. ദുരിത ബാധിതരുടെ വിഷമങ്ങൾ മനസിലാക്കിയ വിഷ്ണു വിൽപനയ്ക്കെത്തിച്ച കമ്പിളിപ്പുതപ്പുകൾ ദാനം ചെയ്തു.

കണ്ണൂര്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ ഇടവേള സമയത്തു കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു‍. താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ചു വിഷ്ണുവുമായി സംസാരിച്ചിരുന്നു. ഇതോടെ തന്‍റെ കയ്യിലുണ്ടായിരുന്ന പുതപ്പുകള്‍ ദുരിത ബാധിതര്‍ക്കു നല്‍കാന്‍ വിഷ്ണു തയാറായി. മാങ്ങോട് നിര്‍മല എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണു വിഷ്ണു പുതപ്പു വിതരണം ചെയ്തത്. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളിപ്പുതപ്പുകള്‍ ഏറ്റുവാങ്ങി.