ക്യാംപിൽ നിന്ന് വീട്ടിൽ തിരികെയെത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങിയപ്പോൾ

കൊച്ചി∙ ദുരിതാശ്വാസ ക്യാംപുകളിൽനിന്നു വീടുകളിലേക്കു മടങ്ങുന്നവർ പകർച്ചവ്യാധികൾ പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ. വെള്ളം കയറിയിറങ്ങിയതിനെത്തുടർന്നു കക്കൂസുകളിൽ നിന്നുള്ള മാലിന്യങ്ങളുൾപ്പെടെ കാനകളും തോടുകളും കവിഞ്ഞൊഴുകിയതിനാൽ കുടിവെള്ള സ്രോതസുകളും വീടും പരിസരവും മലിനമായിരിക്കും. വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

∙ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ വീടുകളും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക
∙ കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം ഉപയോഗിക്കുക
∙ കക്കൂസ് ടാങ്കിന്റെ കേടുപാടുകൾ പരിശോധിച്ചു വെള്ളപ്പൊക്കത്തിൽ തകർന്നിട്ടില്ല എന്ന് ഉറപ്പുവരുത്തുക. കേടുപാടുകൾ ഉണ്ടെങ്കിൽ റിപ്പയർ ചെയ്യുക. ശുചിമുറിയും പരിസരവും വൃത്തിയാക്കി ഉപയോഗിക്കുക
∙ കൈകാലുകളിൽ മുറിവുള്ളവർ ഡോക്ടറെ കണ്ട് ഉപദേശം തേടിയശേഷം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
∙ മലിനജലത്തിൽ ജോലി ചെയ്യേണ്ട സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാ ഉപാധികൾ (ഗംബൂട്ട്, കയ്യുറ) നിർബന്ധമായും ഉപയോഗിക്കുക
∙ അടച്ചിട്ടിരുന്ന വീടുകളിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും എലിമൂത്രത്താൽ മലിനമായിരിക്കുവാൻ ഇടയുള്ളതിനാൽ ഉപയോഗിക്കരുത്
∙ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയ വസ്തുക്കൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുക്കുക
∙ വീട് വൃത്തിയാക്കുമ്പോൾ പാഴ്‍വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്
∙ ഈച്ചശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേക്കു വലിച്ചെറിയാതിരിക്കുക
∙ ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കുക
∙ ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക
∙ വീടിനുപുറത്ത് ഇറങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക
∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
∙ ആഹാരം കഴിക്കുന്നതിനു മുൻപും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക
∙ വൈറൽ പനി, എച്ച് 1 എൻ 1 മുതലായ പകർച്ചവ്യാധികൾ തടയുവാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്‌ക്കുക
∙ തുറസായ സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനമോ അരുത്
∙ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയംചികിൽസ നടത്താതെ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടുക