ബാണാസുരസാഗർ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയെന്ന്; വിവാദം

പടിഞ്ഞാറത്തറ വില്ലേജ് ഓഫിസർ പി.പി.പ്രസാദ്.

കൽപറ്റ∙ മുന്നറിയിപ്പ് നൽകാതെ ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതാണു വയനാട്ടിലെ ജനങ്ങൾ വഴിയാധാരമാകാൻ കാരണമെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസർ പി.പി.പ്രസാദ്. എന്നാൽ എല്ലാവിധ അറിയിപ്പുകളും നൽകിയിരുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി. മൂന്നു ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകൾ 290 സെന്റിമീറ്ററാണ് ഉയർത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതൽ ഉയർത്തിയത്– 200 സെന്റിമീറ്റർ

അന്നു രാത്രിയോടെ നൂറുകണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. ആയിരങ്ങൾ ഉടുതുണി മാത്രമായി അഭയാർഥി ക്യാംപിൽ അഭയം തേടി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പടിഞ്ഞാറത്തറ വില്ലേജിലെ വില്ലേജ് ഓഫിസർക്ക് ദുരന്തത്തെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല.

അതേസമയം, പെട്ടെന്നുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും കാരണം എല്ലാവിധ മുന്നറിയിപ്പുകളും നൽകിയാണ് ഷട്ടറുകൾ തുറന്നതെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.

ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു. പെട്ടെന്നാണ് മഴയും ഉരുൾപൊട്ടലും ഉണ്ടായതെന്നും വൈദ്യുതി ബോർഡ് ചൂണ്ടിക്കാണിക്കുന്നു. വയനാടിനെ വെള്ളക്കെട്ടിലാക്കിയ ദുരന്തത്തിന്റെ കാരണം വൈദ്യുതി ബോർഡാണെന്ന് കാണിച്ച് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസർ ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകും.