ദുരിതാശ്വാസ നിധി: ഒരു മാസത്തെ ശമ്പളം നൽകി പ്രതിപക്ഷ നേതാവ്, യൂസഫലിയുടെ 5 കോടി, ഡിഎംകെയുടെ ഒരു കോടി

മഴദുരിതത്തിൽനിന്ന്.

തിരുവനന്തപുരം∙ പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാൻ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നൽകി. തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാൻ 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും.

നടൻ കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകുമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു.

പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. എറണാകുളം പുത്തൻവേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ആർത്തലച്ചു വരുന്ന ജലത്തിനു മുന്നിൽ നമുക്കു കൈകോർത്തു പിടിക്കാമെന്നു മഞ്ജു വാരിയർ കുറിച്ചു. ‘ഡൂ ഫോർ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യർഥന.

കേരളത്തിനായുള്ള പ്രാർഥനയാണ് അമല പോളിന്റെ ഫെയ്സ്ബുക് വോളിൽ. ജയറാം, നിവിൻ പോളി, ശോഭന, റിമ കല്ലിങ്ങൽ, അജു വർഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായർ തുടങ്ങിയ താരങ്ങളും അഭ്യർഥനയുമായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.