ബ്രിട്ടിഷ് പാർലമെന്റിലേക്ക് കാർ ഓടിച്ചുകയറ്റാൻ ശ്രമം; ഭീകരാക്രമണ സാധ്യത തള്ളാതെ സ്കോട്ട്ലൻഡ് യാർഡ്

പാർലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ച കാർ. ചിത്രം: ട്വിറ്റർ

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിലേക്കു കാർ ഓടിച്ചുകയറ്റാൻ ശ്രമം. ഭീകരാക്രമണം തന്നെയന്ന ധാരണയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പാർലമെന്റ് മന്ദിരമായ വെസ്റ്റ് മിനിസ്റ്റർ പാലസിലേക്ക് ഇന്നു രാവിലെ 7.37നാണ് ഒരാൾ അമിതവേഗതയിൽ കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. പാർലമെന്റ് മന്ദിരത്തിനു മുന്നിലെ സുരക്ഷാ ബാരിക്കേഡിൽ തട്ടിനിന്ന കാറിൽനിന്നു യുവാവായ ഡ്രൈവറെ ഉടൻതന്നെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ നിരവധിപേർക്കു പരുക്കേറ്റു. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. 20 വയസ് പ്രായം തോന്നുന്ന യുവാവാണ് അമിതവേഗതയിൽ കാറോടിച്ച് പാർലമെന്റിലേക്കു കയറ്റാൻ ശ്രമിച്ചത്. സ്കോട്ട്ലൻഡ് യാർഡിലെ ഭീകരവിരുദ്ധ സ്ക്വാഡ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സംഭവത്തെത്തുടർന്ന് പാർലമെന്റ് ചത്വരത്തിനു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെസ്റ്റ് മിനസ്റ്റർ ട്യൂബ് സ്റ്റേഷൻ അടച്ചു. സമയോജിതമായി ഉണർന്നു പ്രവർത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും എമർജൻസി സർവീസിനെയും പ്രധാനമന്ത്രി തെരേസ മേ അഭിനന്ദിച്ചു.

പാർലമെന്റ് സമുച്ചയത്തിനു മുന്നിലെ സിഗ്നൽ ലൈറ്റിനു സമീപം കാത്തുനിൽക്കുകയായിരുന്ന രണ്ടു സൈക്കിൾ യാത്രക്കാർക്കു മുകളിലൂടെയായിരുന്നു അമിതവേഗത്തിൽ വന്ന സിൽവർ നിറത്തിലുള്ള കാർ ബാരിക്കേഡിലേക്ക് ഇടിച്ചുകയറിയത്. ഉടൻതന്നെ ചാടിവീണ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുചൂണ്ടി അക്രമിയെ കീഴ്പ്പെടുത്തി.

കഴിഞ്ഞ വർഷം മാർച്ചിൽ സമാനമായ സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിലേക്കു കാർ ഓടിച്ചുകയറ്റി ഭീകരർ നടത്തിയ ആക്രമണത്തിൽ നാലുപേരാണു കൊല്ലപ്പെട്ടത്. നിരവധിപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.