കേരളത്തിന്റെ കൂടെ നിൽക്കുക; അഭ്യർഥനയുമായി സച്ചിന്‍ തെൻഡുൽക്കർ

ന്യൂഡൽഹി∙ മഴക്കെടുതിയിൽ വലയുന്ന കേരളത്തിനു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെന്‍ഡുൽക്കറും. പ്രാര്‍ഥനകൾ നല്ലതാണ്. പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യണം. 

കേരളത്തിലെ ദുരിതത്തിൽ ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നിൽക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവന പോലും വലിയ കാര്യമാണ്– സച്ചിന്‍ ട്വീറ്റ് ചെയ്തു.

നേരത്തേ നടന്‍ മോഹൻലാൽ ദുരിതാശ്വാസത്തിനു 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാൻ 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിരുന്നു. സിനിമാ മേഖലയിലേതുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിനു സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്.  പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാൻ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു.