രൂപ തകർന്നെങ്കിലും ഓഹരി വിപണിക്കു നേട്ടത്തിന്റെ ദിനം

മുംബൈ∙ ഓഹരി വിപണിക്കു നേട്ടത്തിന്റെ ദിനം. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 207.10 പോയിന്റ് ഉയർന്ന് 37,852ൽ വ്യാപാരം അവസാനിപ്പിച്ചു. നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്‌റ്റി 79.35 പോയിന്റ് നേട്ടത്തില്‍ 11,435.10 ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോഡ് നിലവാരത്തകർച്ച നേരിട്ടെങ്കിലും വിപണിയിൽ കാര്യമായ സമ്മർദം ഉണ്ടാക്കാനായില്ല. വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.85 എന്ന നിലവാരത്തിലെത്തിയിരുന്നു.

ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി, ബാങ്ക്, എനർജി തുടങ്ങിയ സെക്ടറുകളാണു മികച്ച നേട്ടമുണ്ടാക്കിയത്. എന്നാൽ ഇൻഫ്രാ, പവർ, പിഎസ്‌യു തുടങ്ങിയ സെക്ടറുകൾക്കു നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 1.19 ശതമാനം നേട്ടമുണ്ടാക്കി. ആഗോള വിപണികളും ഇന്നു നേട്ടത്തിലായിരുന്നു. സൺ ഫാർമ, യെസ് ബാങ്ക്, ലൂപിൻ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. യുപിഎൽ, ഹീറോ മൊട്ടോകോർപ്, എച്ച്പിസിഎൽ, അദാനി പോർട്സ്, ഭാരിതി എയർെടൽ എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.