ഉയർത്തുന്നതിനിടെ ദേശീയ പതാക താഴെ വീണു; അമിത്ഷായ്ക്കെതിരെ വിമർശനം

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പതാക താഴെ വീഴുന്നതിന്റെ വിഡിയോ ദൃശ്യം

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനത്തിൽ ബിജെപി ആസ്ഥാനത്ത് പതാക ഉയർത്തൽ ചടങ്ങിനിടെ ദേശീയ പതാക താഴേക്കു വീണ സംഭവത്തിൽ വ്യാപക വിമർശനം. ബിജെപി അധ്യക്ഷൻ അമിത് ഷാ ദേശീയ പതാക മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണു പതാക നേരെ താഴേക്കു പതിച്ചത്. ഉടൻ തന്നെ പതാക അമിത് ഷാ മുകളിലേക്ക് ഉയർത്തുകയും ചെയ്തു.

ദേശീയ പതാക താഴെ വീണ സംഭവത്തിൽ പതാകയെ അപമാനിച്ചെന്ന തരത്തിലാണു ട്വിറ്ററിലും മറ്റും വിമർശനം ഉയരുന്നത്. അമിത് ഷായുടെ സ്ഥാനത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോ മറ്റു നേതാക്കളോ ആയിരുന്നെങ്കിൽ ദേശഭക്തർ എങ്ങനെ പ്രതികരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യമുയര്‍ന്നു. പതാക ഉയർത്തിയതിനുശേഷം ദേശീയ പതാകയെ അദ്ദേഹം സല്യൂട്ട് ചെയ്തില്ലെന്നും പരാതി ഉയരുന്നുണ്ട്.

സ്വാതന്ത്യദിനം ആശംസിച്ച് ട്വിറ്ററിൽ കുറിപ്പിട്ട കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും വിമർശനങ്ങൾ നേരിട്ടു. ജയ്റ്റ്ലി പോസ്റ്റ് ചെയ്ത ചിത്രത്തിൽ ജവഹർലാൽ നെഹ്‍റു ഇല്ലാതിരുന്നതാണു ജയ്റ്റ്ലിക്കു പുലിവാലായത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തേക്കാള്‍ പ്രാധാന്യത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ ചിത്രം കൊടുത്തതും വിമര്‍ശനങ്ങൾ വിളിച്ചുവരുത്തി.