കേരളത്തിനു മേൽ പതാക വിരിച്ച് മഴയും കാറ്റും; ഇത് കാലവർഷത്തിന്റെ സ്വാതന്ത്യ ദിനം

കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ കോഴിക്കോട്ട് തടമ്പാട്ട് താഴത്ത് റോഡിലൂടെ വാഹനങ്ങൾ വരുന്നു. ചിത്രം : റസൽ ഷാഹുൽ

പത്തനംതിട്ട ∙ എഴുപത്തിരണ്ടാം സ്വാതന്ത്യ്രദിനത്തിൽ രാജ്യത്തെ സല്യൂട്ട് ചെയ്ത് ന്യൂനമർദവും അസാധാരണമായ കാലവർഷവും. തുടർച്ചയായി മഴയും പടിഞ്ഞാറൻ കാറ്റും മൂലം സ്വാതന്ത്ര്യദിനത്തിൽ കേരളം മഴനിഴലിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടുകൂടി തുറന്നതോടെയാണ് ഇത്. മൂന്നാർ പോലെയുള്ള സ്ഥലങ്ങൾ ഒറ്റപ്പെട്ടതും ആശങ്ക ഉണർത്തുന്നു.

കേരളത്തിലെ ഏകദേശം 30 ശതമാനം ജനങ്ങളും പ്രളയത്തിൽ നിന്നു ദുരിതാശ്വാസം തേടുകയാണ്. കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിലും ഒഡീഷ, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തീരദേശ ആന്ധ്ര, ഗോവ, കർണാടക  എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തമായതാണ് മഴ വ്യാപകമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു. അതേസമയം ഈ മഴ ഇന്നോ നാളെയോ കുറയുമെന്നും സൂചനകളുണ്ട്. 

ഇതിനിടെ, 18 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ചുരുക്കത്തിൽ ഓഗസ്റ്റ് അവസാനം വരെ ഏറിയും കുറഞ്ഞും മഴ രാജ്യത്തിന്റെ പല ഭാഗങ്ങളെയും നനയ്ക്കും. തെക്കോട്ട് മഴയ്ക്ക് ഇന്ന് ശമനം ഉണ്ടാകുമെങ്കിലും വടക്കൻ കേരളത്തിലും മലയോരങ്ങളിലും മഴ ഇടയ്ക്ക് പെയ്യുമെന്നാണ് സൂചന. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും ചെറിയ മഴ ലഭിച്ചേക്കും.

മുല്ലപ്പെരിയാർ മേഖലയിൽ മഴ തുടരാൻ സാധ്യത 

മുല്ലപ്പെരിയാർ ഉൾപ്പെടുന്ന തേനി ജില്ലയിലെ മലയോര മേഖലയിൽ ബുധൻ, വ്യാഴം ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ശമനം ഉണ്ടായാലും ശനിയാഴ്ച വീണ്ടും മഴ ലഭിച്ചേക്കും. ഊട്ടി, കൊടൈക്കനാൽ, കോയമ്പത്തൂർ - വാൽപ്പാറ മലയോരങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.