ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞുവീണ് നാലു മരണം; മലപ്പുറത്ത് ബുധനാഴ്ച മരിച്ചത് 14 പേർ

മലപ്പുറം എംബിഎച്ച് ആശുപത്രിയിൽ വെള്ളം ഉയർന്നതിനെ തുടർന്നു രോഗികളെ പുറത്തേക്കു കൊണ്ടുപോകുന്നു.

കോട്ടയം ∙ കേരളത്തെ തകർത്തെറിഞ്ഞ് കനത്ത മഴയും പ്രളയദുരിതവും തുടരുന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകർന്നു. പ്രളയക്കെടുതിയിൽ ബുധനാഴ്ച സംസ്ഥാനത്ത് 29 പേർ മരിച്ചു. മലപ്പുറത്തു മാത്രം 14 പേരാണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്കു സമീപം തീക്കോയിയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണു നാലുപേർ മരിച്ചു. മൂന്നു പേരെ കാണാതായി. മഴ കനത്തതോടെ എല്ലാ ജില്ലകളിലും അതീവജാഗ്രതാ നിർദേശം (റെ‍ഡ് അലർട്ട്) പുറപ്പെടുവിച്ചു. വ്യാഴാഴ്ച കേരളത്തിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും റോഡ്, റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു.

പ്രളയം കനത്ത നാശം വിതച്ച പത്തനംതിട്ട ജില്ലയിൽ നൂറുകണക്കിനു പേരാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഇവിടേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശം നല്‍കി. കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും ഫോണിൽ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി. മഴ ദുരിതത്തിന്റെ കൂടുതൽ വാർത്തകളും ചിത്രങ്ങളും വിഡിയോയും ചുവടെ...