ആയുഷ്മാൻ ഭാരത്: സാമ്പത്തികമുള്ളവർ സ്വമേധയ ഒഴിവാകണമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ∙ ചികിത്സാ ചെലവുകൾ സ്വന്തമായി വഹിക്കാൻ ശേഷിയുള്ളവർ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിൽനിന്ന് സ്വമേധയാ ഒഴിവാകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്ധതിയുടെ ഭാഗമായി ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും ഇതിലെ ഉദ്ദേശം 50 കോടി കുടുംബാംഗങ്ങൾക്കും പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷയാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം ആറുകോടി ആളുകൾ ഉത്തർപ്രദേശിൽനിന്നു മാത്രം പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കരുതുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.

വിശദമായ പഠനത്തിനു ശേഷമായിരിക്കും ആരെയൊക്കെ പദ്ധതിയിൽ ചേർക്കണമെന്നു തീരുമാനിക്കുക. ഒരുപക്ഷേ സാമ്പത്തിക നില മെച്ചപ്പട്ടവരും പട്ടികയിൽ കടന്നുകൂടിയേക്കാം. അങ്ങനെയുള്ളവർ പദ്ധതിയിൽനിന്ന് സ്വമേധയാ ഒഴിവാകണമെന്നാണ് ആദ്യത്യനാഥിന്റെ നിർദേശം. പട്ടികയിൽ ഉൾപ്പെടാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംസ്ഥാന സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത് ‘മോദി കെയർ’ എന്ന ജനപ്രിയ നാമത്തിലാണ് അറിയപ്പെടുന്നത്. സെപ്റ്റംബർ 25ന് പദ്ധതി ആരംഭിക്കുമെന്ന് സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.