ആലുവയിൽ വെള്ളം കയറിയതിന് 500 മീറ്റർ പരിധിയിലുള്ളവർ കൂടി ഒഴിയാൻ നിർദ്ദേശം

ആലുവ നഗരത്തിൽ വെള്ളം കയറിയപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ആലുവ∙ കനത്ത മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ നഗരം വെള്ളത്തിലായി. ഏലൂർ, കടുങ്ങല്ലൂർ പ്രദേശങ്ങള്‍ വെള്ളത്തിൽ മുങ്ങി. നാലര മണിക്കൂർ കൊണ്ട് രണ്ട് അടിയോളമാണു വെള്ളമുയർന്നത്. റെയിൽവെ പാലത്തിനു സമീപം ജലനിരപ്പ് ആശങ്കാജനകമാംവിധം ഉയർന്നതിനെ തുടർന്ന് എറണാകുളം – ചാലക്കുടി റൂട്ടിൽ റെയിൽ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ആലുവ – അങ്കമാലി റൂട്ടിൽ വെള്ളം കയറി വാഹന ഗതാഗതവും നിർത്തിവച്ചു.

മണപ്പുറത്തുള്ള ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഇനിയും ഉയരുമെന്നു മുന്നറിയിപ്പുണ്ട്. ആലുവയിൽ ഇപ്പോൾ വെള്ളമെത്തിയതിന്‍റെ അര കിലോമീറ്റർ പരിധിയിലുള്ളവർ ഒഴിഞ്ഞു പോകണമെന്നു നിർദ്ദേശം നൽകി.

ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്നു രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്നു ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും രക്ഷപ്പെടുത്തി. ആലുവ തുരുത്തിലെ ചില വീടുകൾ ഒറ്റപ്പെട്ടതോടെ ഇവിടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാൻ ഫയർഫോഴ്സ് ശ്രമം തുടരുകയാണ്. ആലുവയ്ക്ക് പടിഞ്ഞാറുള്ള പറവൂർ, കുന്നുകര, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമായി. 

ആലുവ കൈന്റികര - ഏലൂക്കര റോഡിൽ നാലു വീടുകളായി ഇരുന്നൂറിലധികം ആളുകൾ കുടുങ്ങി കിടക്കുന്നു. പെരിയാർ തീരത്തുള്ള ഫ്ലാറ്റുകളിലും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്.