പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരറിയാൻ; ശ്രദ്ധിക്കൂ ഈ ആരോഗ്യവിവരങ്ങൾ

ആറന്മുള വിളക്കുമാടം കൊട്ടാരത്തിന്റെ സമീപ ഭാഗങ്ങളിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞവരെ നാവികസേനയുടെ ഹെലികോപ്റ്ററിൽ ഇടയാറന്മുള എഎംഎം എച്ച്എസ്എസ് ഗ്രൗണ്ടിൽ ഇറക്കിയപ്പോൾ. ഇവിടെ ക്യാംപും പ്രവർത്തനം ആരംഭിച്ചു. ചിത്രം: അരവിന്ദ് വേണുഗോപാൽ.

മുന്നിൽ മറ്റൊരു വഴികളുമില്ലാതെ വീടുകളുടെ ടെറസിലും മറ്റും ഒറ്റപ്പെട്ടു പോയവർ നിരവധിയാണ്. തീർച്ചയായും രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരും. അതു വരെ സുരക്ഷിരായിരിക്കേണ്ടത് അനിവാര്യമാണ്. അതിനായി അറിയാൻ.

1. ഭയപ്പെടരുത്: പറയാൻ എളുപ്പമാണ്. പക്ഷേ അനുഭവിക്കുന്നവർക്കേ അതറിയൂ. പക്ഷേ ഇതുപോലൊരു ഘട്ടത്തിൽ നിങ്ങൾ നിങ്ങളിൽ തന്നെ പൂർണമായും വിശ്വസിക്കുക. ഭയം പരിഹാരമേയല്ല. ഒപ്പമുള്ളവർക്ക് ആശ്വാസവും ധൈര്യവും പകരുക. അമിതഭയം പാനിക് അറ്റാക്കുപോലെ (ഹൃദയാഘാതലക്ഷണം പോലെ) വരാം.

2. വെള്ളം: കുടിവെള്ളം ഇല്ലാതെ വന്നു പോയാൽ ഒരു കാരണവശാലും പ്രളയജലം കുടിക്കരുത്. മഴവെള്ളം ശുദ്ധമാണ്. പാത്രത്തിലോ പ്ലാസ്റ്റിക് കവറുകളിലോ ശേഖരിച്ചു കുടിക്കുക. മേൽക്കൂരയിൽ നിന്ന ഒഴുകിവരുന്ന മഴവെള്ളം പോലും പ്രളയജലത്തേക്കാൾ നല്ലത്.

3. ഭക്ഷണം: കുറച്ചു ഭക്ഷണം മാത്രം കഴിക്കുക. എത്ര നേരം വരെ ഭക്ഷണ സഹായം കിട്ടില്ലെന്നറിയില്ല. കൈയിലുള്ള ഭക്ഷണം പരമാവധി സമയത്തേയ്ക്ക് ഉപയോഗിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തേക്കാൾ ബിസ്കറ്റ് പോലുള്ള പാക്കറ്റ് ഫുഡിൽ വിശ്വസിക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം പോലുള്ള ഡ്രൈഫ്രൂട്സ് കൈയിലുണ്ടെങ്കിൽ ഭാഗ്യം. അവ ഒപ്പമുള്ള എല്ലാം അംഗങ്ങൾക്കുമായി വീതിച്ചു കൈവശം സൂക്ഷിക്കാൻ നൽകുക. അത്യാവശ്യം വന്നാൽ ഒന്നോ രണ്ടോ വീതം മാത്രം കഴിക്കുക.

4. ഉപ്പും പഞ്ചസാരയും: വീട്ടിലുള്ളത്രയും പഞ്ചാരയും അൽപം ഉപ്പു വീതവും പ്രത്യേകം പാക്കറ്റുകളിലായി പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞുവയ്ക്കുക. കടുത്ത ക്ഷീണം തോന്നിയാൽ അൽപാല്പം കഴിക്കാം. പഞ്ചസാര മികച്ച ഊർജദാതാവാണ്.

5. തലകറക്കം പോലെ അനുഭവപ്പെട്ടാൽ കാലുകൾ ഉയർത്തിവെച്ചു കിടക്കുക.