ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും; പത്ത് പേർ മരിച്ചതായി സംശയം

ഇടുക്കി ചെറുതോണിയിൽ നിന്നുള്ള പെരിയാർ നദിയുടെ ദൃശ്യം.

തൊടുപുഴ∙ ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 10 പേർ മരിച്ചതായി സംശയം. ആറു പേരെ കാണാതായി. നെടുങ്കണ്ടത്ത് പത്തുവളവിൽ ബുധനാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. അടിമാലി റൂട്ടിൽ മണ്ണിടിച്ചിലും ഉണ്ടായി. 

മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. നിരവധി സഞ്ചാരികൾ കുടുങ്ങി. കട്ടപ്പന, നെടുങ്കണ്ടം, ചെറുതോണി, അടിമാലി മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വ്യാപകമാണ്. ഹൈറേഞ്ച് പൂർണമായും ഒറ്റപ്പെട്ടു. രണ്ടു ദിവസമായി മൊബൈൽ റേഞ്ചും വൈദ്യുതിയും മുടങ്ങി. മുട്ടത്ത് ഉരുൾപൊട്ടലി‍ൽ ഒരാളെ കാണാതായി. അറക്കുളം പഞ്ചായത്തിൽ 20 സ്ഥലങ്ങളിലും ഉരുൾപൊട്ടി. വള്ളക്കടവു മുതൽ ഉപ്പുതറ ചപ്പാത്തു വരെ പെരിയാർ കരകവിഞ്ഞൊഴുകുന്നു.

Read More: Idukki Flood Updates

ചെറുതോണിയിൽ ബിഎസ്എൻഎൽ ഓഫീസിനു പിന്നില്‍ മണ്ണിടിഞ്ഞു വീണു. അതിശക്തമായ വെള്ളപ്പാച്ചിലിൽ പള്ളിവാസൽ ആറ്റുകാട് പാലം തകർന്നു. മുഴിയാർ ഗവി റൂട്ടിൽ അരണമുടിയിലും ഉരുൾപൊട്ടലുണ്ടായതായി വിവരമുണ്ട്. കൊക്കയാർ പഞ്ചായത്തിലെ മേലാരാം കാർഗിൽ കവലയിൽ ഉരുൾപൊട്ടി റോഡ് തകർന്നു.