കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ; ബസ് സർവീസുകൾ നിലച്ചു

ചെങ്ങളായി വില്ലേജിന്റെ പരിധിയിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ രക്ഷപ്പെടുത്തുന്നു.

കണ്ണൂർ ∙ തോരാമഴ കനത്ത നാശം വിതച്ച കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കൊട്ടിയൂർ അമ്പായത്തോട്ടിലും പന്നിയാം മല വനത്തിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കൊട്ടിയൂർ പാമ്പറപ്പാൻ പാലവും തകർച്ചയിലാണ്. ഇവിടെ ഒറ്റപ്ലാവ്, പന്നിയാംമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കോളയാട് പെരുവയിൽ ഉരുൾപൊട്ടലുണ്ടായി. രാജഗിരി ഇടക്കോളനിയിലേക്കുള്ള മുളപ്പാലത്തിന്റെ ഒരു ഭാഗം തകർന്നതോടെ ഒറ്റപ്പെട്ടു പോയ 37 പേരെ രാജഗിരി സെന്റ് അഗസ്റ്റിസ് പള്ളിയുടെ പരിഷ് ഹാളിലേക്ക് മാറ്റി.

ചെങ്ങളായി വില്ലേജിന്റെ പരിധിയിൽ കൊയ്യം എന്ന സ്ഥലത്ത് രണ്ടു ദിവസമായി തുരുത്തിൽ ഒറ്റപ്പെട്ടു പോയ മൊട്ടമ്മൽ പുതിയപുരയിൽ ആമിന (85), മകൻ മൂസാൻ (45), നടുക്കുന്നുമ്മൽ ൈഹദ്രാസ് (60), ആയിഷ, സഫീന, നാല് മാസം പ്രായമുള്ള മകൾ മിസ്രിയ എന്നിവരടങ്ങിയ രണ്ട് കുടുംബങ്ങളെ തളിപ്പറമ്പ ഫയർ ഫോഴ്സിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു.

തുമ്പേനിയിൽ സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടർന്നു ശ്രീകണ്ഠപുരം–ഇരിട്ടി റൂട്ടിൽ ബസ് സർവീസ് നിർത്തി. വെള്ളം ഇറങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ, ഉച്ചയോടെ വീണ്ടും വെള്ളം കയറി. പയ്യാവൂർ റോഡിൽ പൊടിക്കളത്ത് വെള്ളം കയറി പയ്യാവൂർ ഭാഗത്തേക്കുള്ള ബസ് സർവീസും നിലച്ചു. ഇവിടേയും രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചതായിരുന്നു.

മഴ ശക്തമായതിനെ തുടർന്ന് കീഴല്ലൂർ ഡാമിന്റെ ഷട്ടറുകൾ മുഴുവനും തുറന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഴ ശക്തമായതിനെ തുടർന്ന് അഞ്ചരക്കണ്ടി പുഴയിലും വെള്ളം കരകവിഞ്ഞിരുന്നു. ഇതേതുടർന്നാണ് ഇവിടെയുള്ള ഷട്ടറുകൾ തുറന്നു വിട്ടത്. പുഴയുടെ സമീപത്തെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചാലിപ്പറമ്പ്, കീഴല്ലൂർ, വേങ്ങാട്, കല്ലായി, ഊർപ്പള്ളി, ചാമ്പാട്, പാളയം എന്നീ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ പൂർണമായും വെള്ളം കയറി. ഇതുമൂലം ഇവിടേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

ചാമ്പാട് ഊർപ്പള്ളി റോഡിൽ അജയൻ, ഫാറൂഖ്, ഫൈസൽ, അബ്ദുള്ള, ശശീന്ദ്രൻ, ഭാസ്കരൻ, രമേശൻ, ഹനീഫ, സലാം, ലത്തീഫ്, രവീന്ദ്രൻ, അഷ്‌റഫ്‌ തുടങ്ങിയവരുടെ വീടുകളിലാണ്‌ വെള്ളം കയറിയത്. പലരും കുടുംബ വീടുകളിലും സമീപത്തെ വീടുകളിലും മാറി താമസിക്കുകയാണ്. ചാലിപ്പറമ്പ് മാവിലാകൊവ്വൽ റോഡിൽ പുഴയ്ക്ക് സാമാനമായ നിലയിൽ വെള്ളം കയറി.വീടുകളിൽ വെള്ളം കയറുമെന്ന ഭീതി നിലനിൽക്കുകയാണ്. കണ്ണവം മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ അഞ്ചരക്കണ്ടി പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായി. ഈ സാഹചര്യത്തിൽ പുഴയുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ, രാമന്തളി ഏറൻപുഴയിൽ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. പണ്ടാരവളപ്പിൽ ഭാസ്കരൻ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സുഹൃത്തിനൊപ്പം തോണിയിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. സുഹൃത്ത് ബാലൻ നീന്തി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഇന്നു രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിലും കാറ്റിലും പരിയാരം സ്കൂളിനു സമീപത്തെ മുത്തുപാണ്ടിയുടെ വീടിനു മുകളിൽ തെങ്ങ് വീണു. ഞായറാഴ്ച രാത്രിയാണ് അടുക്കള ഭാഗത്ത് തെങ്ങു വീണു ഓടുമേഞ്ഞ വീടു തകർന്നത്.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പേരാവൂർ-തലശേരി സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി. തലശേരി - നെടുംപൊയിൽ - മാനന്തവാടി സംസ്ഥാന ചുരം പാതയിൽ 33-ാം മൈലിൽ മണ്ണിടിഞ്ഞതോടെ വയനാട് ജില്ലയുമായി ബന്ധപ്പെടാനുള്ള ഒരു റോഡ് കൂടി അടഞ്ഞു. കണ്ണവം കോളനി ചെന്നപ്പൊയിൽ മലയിൽ ഉരുൾപൊട്ടി കണ്ണവം പുഴ കരകവിഞ്ഞു. ചുണ്ടയിലും കണ്ണവം ടൗണിലും വെള്ളം ഉയർന്നു. രാവിലെ മുതൽ ഏറെ നേരം ചുണ്ടയിലൂടെയു കുത്തുപറമ്പ്- പേരാവൂർ റോഡിൽ ഗതാഗതം മുടങ്ങി.

പത്തു വർഷം മുൻപ് ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച പാനൂർ നരിക്കോട്ടുമലയിലും ഉരുൾപൊട്ടൽ ഭീഷണി നിലനിലനിൽക്കുന്നുണ്ട്. നരിക്കോട്ടുമല വെൽഫയർ എൽപി സ്കൂളിനു സമീപത്തെ കുന്നിൽ മരങ്ങളും പാറക്കല്ലുകളും ഇളകിത്തെറിച്ചു. ഒട്ടേറെ മരങ്ങൾ കടപുഴകി.
ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണവംപുഴ കരകവിഞ്ഞതോടെ ഇടുമ്പ, കോയാറ്റിൽ എന്നിവിടങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.