ശശി തരൂരിനു ജനീവയിലേക്കു പറക്കാം, അനുമതി നല്‍കി കോടതി

ശശി തരൂർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ അന്തരിച്ച ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിക്കാൻ ജനീവയിലേക്കു പോകാൻ ശശി തരൂർ എംപിക്കു കോടതിയുടെ അനുമതി. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ശശി തരൂർ ഇപ്പോൾ. അന്നാന്‍റെ കീഴിൽ പത്തു വർഷത്തോളം തരൂർ ജോലി ചെയ്തിരുന്നുവെന്നും ഇരുവരും തമ്മിൽ ശക്തമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും തരൂരിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.  പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്ര സംഘടനയിലൂടെ വിദേശരാഷ്ട്രങ്ങളുടെ സഹായം ഉറപ്പാക്കുകയും തരൂരിന്‍റെ യാത്രയുടെ ലക്ഷ്യമാണ്.

ഒരു ദിവസത്തെ ജനീവ യാത്രയ്ക്കാണ് തരൂർ അനുമതി തേടിയത്. തിങ്കളാഴ്ച വൈകുന്നേരം യാത്ര തിരിക്കുന്ന അദ്ദേഹം ചൊവ്വാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും.  യാത്ര സംബന്ധിച്ച വിശദവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണമെന്നും കോടതി ഉത്തരവിട്ടു.