വിഷുക്കൈനീട്ടം കിട്ടിയ തുക ദുരിതാശ്വാസത്തിനു നൽകി ശാരികയും ചാരുതയും

വിഷുക്കൈനീട്ടം കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാനെത്തിയ ശാരികയും ചാരുതയും അച്ഛൻ കെ.കെ. രാഗേഷ് എംപിക്കും അമ്മ പ്രിയ വർഗീസിനും കലക്ടർ മിർ മുഹമ്മദലിക്കുമൊപ്പം. മൊബൈലിൽ ചിത്രമെടുക്കുന്നതു പി.െക. ശ്രീമതി എംപി. ചിത്രം: ധനേഷ് അശോകൻ

കണ്ണൂർ∙ പ്രളയബാധിതരെ സഹായിക്കാൻ അച്ഛൻ കൊടുത്തത്രയും പണമൊന്നും ശാരികയുടെയും ചാരുതയുടെയും കയ്യിലുണ്ടായിരുന്നില്ല. എന്നാൽ കൊടുത്ത പണത്തിന്റെ മൂല്യം അതിനൊപ്പമോ മുകളിലോ ആയിരുന്നു. കഴിഞ്ഞ വിഷുവിനു കൈനീട്ടം കിട്ടിയ പണം മുഴുവനുമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.

കെ.കെ.രാഗേഷ് എംപിയുടെ മക്കളാണു പതിനാലുകാരി ശാരികയും പത്തുവയസുകാരി ചാരുതയും. കെ.കെ.രാഗേഷ് ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകി. അച്ഛൻ ധനസഹായം നൽകാൻ പോകുന്നതറിഞ്ഞപ്പോഴാണു തങ്ങളുടെ കൊച്ചുസമ്പാദ്യം കൂടി നൽകാനുള്ള ആഗ്രഹം മക്കൾ പങ്കുവച്ചത്. അത് ഏതു സമ്പാദ്യമെന്ന് അച്ഛൻ തിരക്കിയപ്പോഴാണു വിഷുക്കൈനീട്ടം കിട്ടിയ തുക സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നറിഞ്ഞത്. കൈനീട്ടം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ചാരുതയുടെ പക്കൽ 4340 രൂപയും ശാരികയുടെ പക്കൽ 2060 രൂപയും. അച്ഛനും അമ്മ പ്രിയ വർഗീസിനുമൊപ്പമെത്തി കലക്ടർക്കു ഇരുവരും തുക കൈമാറി.