രക്ഷാപ്രവര്‍ത്തനം: സഹായത്തിന് ജടായു എർത്‌സ് സെന്ററിന്റെ ഹെലികോപ്റ്ററും

ജഡായു എർത്‌സ് സെന്റർ

കൊല്ലം∙ ദുരിത ബാധിതരെ രക്ഷിക്കാനും ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും ജടായു എര്‍ത്‍സ് സെന്ററിന്റെ ഹെലികോപ്റ്ററും. ജടായു എർത്‌സ് സെന്ററിന്റെ ലോക്കല്‍ ഫ്ളെയിങ്ങിനുള്ള ചിപ്സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്റർ പ്രളയക്കെടുതിയെ നേരിടാന്‍ ഉപയോഗിക്കുകയായിരുന്നു. ജടായു എർത്‍സ് സെന്റര്‍ ഉദ്ഘാടനം ഈ മാസം 17 ന് നിശ്ചയിച്ചിരുന്നെങ്കിലും പ്രളയ ദുരിതത്തെ തുടര്‍ന്ന് മാറ്റിവച്ചു.

ഉദ്ഘാടന ദിവസം മുതല്‍ സര്‍വീസ് നടത്തുന്നതിന് എത്തിച്ച ഹെലികോപ്ടര്‍ ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് വിട്ടുനല്‍കാനുള്ള സന്നദ്ധത ജടായു എർത്‌‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു. ജടായുപ്പാറയില്‍ നിന്ന് വ്യാഴാഴ്ച പറന്നുയര്‍ന്ന ഹെലികോപ്ടര്‍ എരുമേലി എയ്ഞ്ചല്‍ വാലിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ചിപ്സണ്‍ ഏവിയേഷന്‍ പൈലറ്റ് ക്യാപ്റ്റന്‍ എസ്.കെ.സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി പേരെ രക്ഷിച്ചു. ഭക്ഷണം കിട്ടാതെ നൂറുകണക്കിന് പേര്‍ ചെങ്ങന്നൂര്‍ ഭാഗത്ത് കുടുങ്ങി കിടപ്പുണ്ടെന്ന വിവരമറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടമായി ഭക്ഷണ വിതരണത്തിനും മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും ഈ ഹെലികോപ്ടര്‍ ഉപയോഗിച്ചു.