ദുരിതാശ്വാസത്തിനുള്ള അവശ്യവസ്തുക്കളുമായി കടന്നുകളയാന്‍ ശ്രമം; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയിൽ

കല്‍പറ്റ∙ വയനാട് കലക്ടറേറ്റിലെ റിലീഫ് സ്റ്റോറില്‍നിന്നു ദുരിതാശ്വാസ ക്യാംപിലേക്കുള്ള അവശ്യവസ്തുക്കളുമായി കടന്നുകളയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. വയനാട് കേണിച്ചിറ സ്വദേശി ജോസ്(50)നെയാണു ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണു സംഭവം. കലക്ടറേറ്റിലെ റിലീഫ് സ്റ്റോറില്‍നിന്നു ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും പാത്രങ്ങളുമെടുത്തു ജോസ് തന്റെ കാറില്‍ കയറ്റി. സെക്യൂരിറ്റിക്കാരന്‍ രാത്രിയില്‍ കാറില്‍ പുറത്തേക്കു പോകുന്നതു കണ്ടു സംശയം തോന്നിയ ജീവനക്കാര്‍ ഇദ്ദേഹത്തെ തടഞ്ഞുവച്ചു ചോദ്യം ചെയ്തപ്പോഴാണു മോഷണവിവരം പുറത്തറിയുന്നത്. കലക്ടറേറ്റിലെ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന്റെ കാവല്‍ക്കാരനാണു ജോസ്. ഇയാളെ കല്‍പറ്റ പൊലീസ് ഇന്നു കോടതിയില്‍ ഹാജരാക്കും.