നീരവ് മോദിയുടെയും ചോക്സിയുടെയും അനധികൃത ബംഗ്ലാവുകൾ ഇടിച്ചു നിരത്തും

മെഹുൽ ചോക്സിയും നീരവ് മോദിയും

മുംബൈ ∙ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പതട്ടിപ്പു കേസിലെ പ്രധാന പ്രതികളായ വജ്ര വ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും അനധികൃത ബംഗ്ലാവുകൾ ഇടിച്ചു നിരത്താൻ മഹാരാഷ്ട്ര സർക്കാർ. ‌നടപടി വൈകുന്നതിൽ മുംബൈ ഹൈക്കോടതി ഏതാനും ദിവസംമുമ്പ് കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

വായ്പതട്ടിപ്പു കേസിനെ തുടർന്ന് വിവാദ ബംഗ്ലാവുകളുടെ നിയന്ത്രണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിരുന്നു. ഇവ പൊളിച്ചു നീക്കാനുള്ള തീരുമാനം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കിഹിം ഗ്രാമത്തിലാണ് നീരവ് മോദിയുടെ ബംഗ്ലാവ്. ചോക്സിയുടേത് അവാസ് ഗ്രാമത്തിലും. 

തീരദേശ നിയന്ത്രണ മേഖലയിൽ ചട്ടങ്ങള്‍ ലംഘിച്ചു നിർമിച്ച 121 ബംഗ്ലാവുകൾ കണ്ടെത്തിയതായി മന്ത്രി രാംദാസ് കദം അറിയിച്ചു. മോദിയുടെയും ചോക്സിയുടെയും ബംഗ്ലാവുകൾ ഒഴികെയുള്ളവയുടെ കാര്യത്തിൽ മുംബൈ ഹൈക്കോടതിയും മറ്റു കോടതികളും നൽകിയ സ്റ്റേ നിലവിലുണ്ടെന്നും ഇവയെല്ലാം ദേശീയ ഹരിത ട്രൈബ്യൂണലിനു കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.