ഗോലാൻ കുന്നുകളിൽ ഇസ്രയേലിന് അവകാശം: പരിഗണനയിലില്ലെന്ന് യുഎസ്

ഇസ്രയേലിന്റെ കൈവശമുള്ള ഗോലൻ കുന്നുകളിൽ സൈനിക അഭ്യാസം നടക്കുന്നു. (ഫയൽ ചിത്രം)

ജറുസലം∙ ഗോലാൻ കുന്നുകളിൻമേലുള്ള ഇസ്രയേലിന്റെ അവകാശവാദം അംഗീകരിക്കുന്നതു ട്രംപ് ഭരണകൂടത്തിന്‍റെ പരിഗണനയിലില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. 1967ലാണ് സിറിയയിൽനിന്നു ഗോലാൻ കുന്നുകൾ ഇസ്രയേൽ പിടിച്ചെടുത്തത്. ഗോലാൻ പ്രദേശത്തിനുമേലുള്ള തങ്ങളുടെ അവകാശവാദം അംഗീകരിച്ചു കൊണ്ടുള്ള യുഎസിന്റെ പ്രഖ്യാപനം ഏതാനും മാസങ്ങൾക്കകം പ്രതീക്ഷിക്കാമെന്ന് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ മേയിൽ അവകാശപ്പെട്ടിരുന്നു.

ഇത്തരമൊരു കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച ചർച്ചയോ തീരുമാനമോ യുഎസ് സർക്കാരിന്‍റെ ഭാഗത്ത് നടക്കുന്നില്ലെന്നും ബോൾട്ടൺ അറിയിച്ചു. ‘ഗോലാൻ കുന്നുകൾ പിടിച്ചെടുത്തു എന്ന ഇസ്രയേലിന്റെ വാദം മനസ്സിലാക്കുന്നു, ഇക്കാര്യത്തില്‍ ഇസ്രയേലിന്‍റെ നിലപാടും മനസ്സിലാക്കുന്നു. എന്നാൽ യുഎസ് നിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല’ – ബോൾട്ടൺ വ്യക്തമാക്കി. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം ഏറെ വിമർശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.