യുഎസിനും റഷ്യയ്ക്കും ‘കരുതി വച്ചിട്ടുണ്ട്’: ഐഎസ് തലവന്റെ ശബ്ദ സന്ദേശം പുറത്ത്

അബൂബക്കര്‍ അൽ ബഗ്ദാദി

ബെയ്റൂട്ട്∙ ജിഹാദിന് ഒരുങ്ങണമെന്ന ആഹ്വാനവുമായി ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കര്‍ അൽ ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്ത്. പശ്ചിമ രാജ്യങ്ങളിൽ ആക്രമണം നടത്താനും ടെലിഗ്രാം ആപ്പിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിൽ ഐഎസ് മേധാവി ആവശ്യപ്പെട്ടു. ഇറാഖിലും സിറിയയിലുമുള്ള ഐഎസിന്‍റെ സ്വാധീനം കുറഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതാദ്യമായി ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുള്ളത്.

‘തങ്ങളുടെ മതവും ശത്രുക്കൾക്കെതിരായ ജിഹാദും സ്രഷ്ടാവിന്‍റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവർ പരാജിതരും അപമാനിതരുമാണ്. എന്നാൽ ഇവ നെഞ്ചോടു ചേർത്തുപിടിച്ചവർ, കുറച്ചു സമയത്തിന്‍റെ ഇടവേളയ്ക്കു ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകും’ – സന്ദേശത്തിൽ ബഗ്ദാദി പറയുന്നു.

ഇറാഖിലെയും സിറിയയിലെയും ഒട്ടേറെ പ്രദേശങ്ങൾ പിടിച്ചെടുത്ത ഐഎസ് തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ‘ഖിലാഫത്ത്’ ഭരണം പ്രഖ്യാപിച്ചിരുന്നു. ഇതു തുടരുമെന്നു ബഗ്ദാദി സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശം എന്നാണ് റിക്കാര്‍ഡ് ചെയ്തതെന്നു വ്യക്തമല്ലെങ്കിലും സിറിയയ്ക്ക് ധനസഹായം നൽകാൻ സൗദി അറേബ്യ കഴിഞ്ഞയാഴ്ച എടുത്ത തീരുമാനത്തെ ബഗ്ദാദി വിമർശിക്കുന്നുണ്ട്. ഐഎസിനെതിരായ ആക്രമണങ്ങളെ സഹായിച്ച യുഎസിനും റഷ്യയ്ക്കും ജിഹാദികൾ ശക്തമായ തിരിച്ചടി കരുതിവച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്. സിറിയയിലെ ഐഎസ് അധീന മേഖലയാണ് ബഗ്ദാദിയുടെ താവളമെന്നാണ് അനുമാനം.