അമിത് ഷായുടെ സുരക്ഷാ ചെലവ് വെളിപ്പെടുത്താനാവില്ലെന്ന് വിവരാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി∙ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷ ചെലവിന്റെ കണക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍. വിവരാവകാശ നിയമത്തിലെ വ്യക്തിവിവരം, സുരക്ഷ എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണു ദീപക് ജുനേജ നല്‍കിയ അപേക്ഷ കമ്മിഷന്‍ തള്ളിയത്.

സ്വകാര്യ വ്യക്തികള്‍ക്കു സുരക്ഷാ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളെക്കുറിച്ചും അതിന്റെ ചെലവു സംബന്ധിച്ചുമുള്ള വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. അമിത് ഷാ രാജ്യസഭാംഗം ആകുന്നതിനു മുമ്പ്, 2014 ജൂലൈ 5നാണ് ദീപക് ജുനേജ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്ന വ്യക്തികളുടെ പട്ടികയും ദീപക് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിവരം പുറത്തുവിടുന്നതു വ്യക്തികളുടെ ജീവനു ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം ഇതു തള്ളി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിഷയത്തില്‍ പൊതുതാല്‍പര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദീപക് നല്‍കിയ അപ്പീല്‍ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്‍, മന്ത്രാലയത്തിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

ഇതിനെതിരേ ദീപക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വിഷയം വീണ്ടും പരിഗണിക്കാന്‍ കോടതി കേന്ദ്ര വിവരാവകാശ കമ്മിഷനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ദീപകിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വാദം കേട്ട കമ്മിഷന്‍ മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.