ഇന്ത്യയിലെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്നു ഭീതി; മടങ്ങാന്‍ സന്നദ്ധത അറിയിച്ച് വിജയ് മല്യ

വിജയ് മല്യ

ന്യൂഡല്‍ഹി∙ ഇന്ത്യയിലെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യത തെളിഞ്ഞതോടെ ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ വിവാദ വ്യവസായി വിജയ് മല്യ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി ദൂതന്‍മാര്‍ മുഖേനയാണ് മല്യ തന്റെ ആഗ്രഹം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്. 

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള വിവാദ വ്യവസായിയുടെ രംഗപ്രവേശമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. നിലവില്‍ ബ്രിട്ടനില്‍നിന്നു മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരേ നിയമപോരാട്ടത്തിലാണ് മല്യ. ഇന്ത്യയിലെ തടവറകളുടെ നില അത്യന്തം പരിതാപകരമാണെന്ന വാദമുയര്‍ത്തിയാണ് മല്യയുടെ എതിര്‍പ്പ്.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല. കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. ഇൗ സ്വത്തുക്കള്‍ ലേലം ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകും.

വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,990.07 കോടി രൂപയാണ് പലിശയടക്കം തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. മല്യ സര്‍ക്കാരിന് 6,203 കോടി രൂപ നല്‍കാനുണ്ടെന്നും ഇതിന് 11.5 ശതമാനം പലിശ ഈടാക്കണമെന്നും കടം വീണ്ടെടുക്കാനുള്ള ട്രൈബ്യൂണല്‍ അടുത്തിടെ വിധിച്ചിരുന്നു.