ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നത് കുറ്റകരം; കാൽ നഷ്ടപ്പെട്ടയാൾക്ക് നഷ്ടപരിഹാരമില്ല

ലോക്കൽ ട്രെയിനിൽ തൂങ്ങിപ്പിടിച്ചു യാത്രചെയ്യുന്നവർ (ഫയൽ ചിത്രം).

മുംബൈ ∙ ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നത് കുറ്റകരമാണെന്നു കോടതി. ഓടുന്ന ട്രെയിനിൽ കയറുക മൂലം കാൽ നഷ്ടപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. 80 ലക്ഷത്തോളം പേർ ദിവസവും യാത്രചെയ്യുന്ന മുംബൈയിലെ ലോക്കൽ ട്രെയിനിൽ ചാടിക്കയറുന്നത് പതിവു കാഴ്ചയാണ്. 

പൊതുമരാമത്ത് വകുപ്പിലെ ശുചീകരണ ജീവനക്കാരനായ പ്രവീൺഭായ് വഗേലയുടെ കേസിലാണ് കോടതിയുടെ വിധി. 2014 മേയ് 27ന് വഡോദര ഇന്റർസിറ്റി എക്സ്പ്രസിൽ ഓടിക്കയറാൻ ശ്രമിക്കവേയാണ് താഴെ വീണ് കാൽ നഷ്ടപ്പെട്ടത്. കാലുപുർ റെയിൽവേ സ്റ്റേഷനിൽ നിന്നു ലോക്കൽ ട്രെയിനിൽ മാഹേംദാബാദിലേക്കു പോകവേ, കങ്കാരിയ യാർഡിനടുത്ത് ട്രെയിൻ നിർത്തി. 

തൊട്ടടുത്തുകൂടി ഇന്റർസിറ്റി എക്സ്പ്രസ് പതുക്കെ പോകുന്നതു കണ്ട്, ലോക്കൽ ട്രെയിനിൽ നിന്നിറങ്ങി എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയായിരുന്നു അപകടം. ഇക്കാര്യത്തിൽ റെയിൽവേയെ കുറ്റപ്പെടുത്താനാവില്ലെന്നും അപകടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ജസ്റ്റിസ് ജെ.ബി.പർദിവാല ചൂണ്ടിക്കാട്ടി. 

പാളത്തിലെ മരണങ്ങൾ തടയാൻ 200 കോടി  

റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ നൂറുകണക്കിനു പേർ പ്രതിവർഷം മരിക്കുന്നതു തടയാൻ 200 കോടിയുടെ പദ്ധതിയുമായി റെയിൽവേ. പ്രതിദിനം റെയിൽവേ അപകടത്തിൽ ശരാശരി ഒൻപതു പേരാണ് മരിക്കുന്നത്. ഇതിൽ ഏറെപ്പേരും റെയിൽപാത മുറിച്ചുകടക്കവെയാണു മരിക്കുന്നത്. ഇതൊഴിവാക്കാൻ റെയിൽ പാത മുറിച്ചുകടക്കുന്നതു പതിവായ സ്ഥലങ്ങളിൽ 28 മേൽപാലങ്ങൾ നിർമിക്കും. ഇതിനു പുറമേ, പാത മുറിച്ചു കടക്കാതിരിക്കാൻ, ഇരുമ്പുവേലികളും മതിലുകളും നിർമിക്കും. മഴക്കാലം കഴിഞ്ഞാലുടൻ ഇവയുടെ ജോലികൾ ആരംഭിക്കുമെന്നും മുംബൈ റെയിൽ വികാസ് കോർപറേഷൻ അധികൃതർ അറിയിച്ചു.