കുഞ്ഞുമായി പോകുമ്പോൾ പോലും മോശം പെരുമാറ്റം: ജെറ്റ് എയർവെയ്സിനെതിരെ ദുൽഖർ

ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം: ഫെയ്സ്ബുക്

മുംബൈ∙ സഹയാത്രികന് ജെറ്റ് എയർവെയ്സ് ഗ്രൗണ്ട് സ്റ്റാഫിൽനിന്നുണ്ടായ മോശം അനുഭവത്തിൽ അതൃപതി പ്രകടിപ്പിച്ച് നടൻ ദുൽഖർ സൽമാൻ. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും ദുൽഖർ ട്വിറ്ററിലൂടെ അറിയിച്ചു.

എന്റെ വിമാനസർവീസുകൾക്കായി ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ശ്രമിച്ചിട്ടില്ല. താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല താൻ. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ട്വിറ്ററിൽ കുറിച്ചു.

കുറിപ്പ് സോഷ്യൽ ലോകത്ത് വൈറലായതോടെ സമാന അനുഭവങ്ങൾ പങ്കുവച്ച് ഒട്ടേറെ പേർ രംഗത്തെത്തി. ദുൽഖറിനു മറുപടിയുമായി ജെറ്റ് എയർവെയ്സും രംഗത്തെത്തി. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്ക‌ൂ. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ജെറ്റ് എയർവെയ്സ് ട്വിറ്ററിൽ കുറിച്ചു.