ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ; സ്റ്റേഷനിൽനിന്ന് ബലമായി മോചിപ്പിച്ച് സിപിഎം പ്രവർത്തകര്‍

കണ്ണൂർ∙ കണ്ണൂർ കേളകം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പ്രതിയെ സിപിഎം പ്രവർത്തകർ നേരിട്ടെത്തി സ്റ്റേഷനിൽനിന്നു ബലമായി മോചിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്തംഗം എടമന രാമനെ റോഡിൽ വച്ച് മർദിച്ച കേസിലെ പ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജോയല്‍‌ ജോബിനെയാണ് ഇന്നു രാവിലെ ഏഴുമണിയോടെ പത്തോളം സിപിഎം പ്രവർത്തകരെത്തി ബലമായി മോചിപ്പിച്ചത്. സംഭവത്തിൽ പത്ത് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കും.

കോൺഗ്രസിന്റെ പഞ്ചായത്തംഗമായ രാമൻ പട്ടികവർഗത്തിൽ പെട്ടയാളാണ്. അമ്പായത്തോട് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ സേവനം ചെയ്യുകയായിരുന്ന രാമനെ ക്യാംപിലേക്കു ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകും വഴിയാണ് അക്രമിച്ചത്. കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ എസ്ഡിപിഐ പ്രവർത്തകരുമായി ഏറ്റുമുട്ടിയ കേസിലും ജോയൽ പ്രതിയാണ്. ഇതേത്തുടർന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ സിപിഎം പ്രവർത്തകർ നേരിട്ടെത്തി ജോയലിനെ മോചിപ്പിച്ചു. ക്യാംപിലെ സംഘട്ടനത്തിന്റെ പേരില്‍ എസ്ഡിപിഐ പ്രവർത്തകർ നേരത്തേ അറസ്റ്റിലായിരുന്നു.