പി.കെ. ശശിക്കെതിരായ പരാതി; യച്ചൂരിയെ തള്ളി സിപിഎം പിബി നിലപാട്

പി.കെ. ശശി, സീതാറാം യച്ചൂരി

ന്യൂഡൽഹി∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ നടപടിയെച്ചൊല്ലി സിപിഎം പിബിയിൽ ഭിന്നത. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് പിബി തള്ളി. ശശിക്കെതിരെ നടപടിക്കു നിർദേശമൊന്നും നൽകിയിട്ടില്ലെന്നാണു പിബി നൽകുന്ന വിശദീകരണം. പീഡന പരാതി കിട്ടിയോ എന്നു സ്ഥിരീകരിക്കാതെ വാർത്താകുറിപ്പും പുറത്തിറക്കി.

ശശിക്കെതിരെ പരാതി ലഭിച്ചതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നേരത്തേ അറിയിച്ചിരുന്നു. തുടര്‍നടപടി സ്വീകരിക്കാൻ കേരള ഘടകത്തിനു നിര്‍ദേശം നൽകിയതായും യച്ചൂരി പറഞ്ഞു. ഇതിനു വിരുദ്ധമാണു പിബി സ്വീകരിച്ച നിലപാട്. അതേസമയം ശശിക്കെതിരെ മൂന്നാഴ്ച മുൻപു തന്നെ പരാതി ലഭിച്ചിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പരാതി പാർട്ടിയുടേതായ രീതിയിൽ പരിഹരിക്കും. നടപടി തുടങ്ങിയതായും കോടിയേരി പറഞ്ഞു. 

അതേസമയം പീഡനപരാതിയെക്കുറിച്ച് അറിയില്ലെന്നു മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾ മനസിലാക്കി പ്രതികരിക്കാമെന്ന് എം. സ്വരാജ് എംഎല്‍എയും പറഞ്ഞു. ഡിവൈഎഫ്ഐയ്ക്കു പരാതി കിട്ടിയിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഡിവൈഎഫ്ഐ നേതാക്കൾ കൂടിക്കാഴ്ച നടത്തി. എം. സ്വരാജ്, എ.എൻ. ഷംസീർ എന്നിവര്‍ എകെജി സെന്ററിലെത്തിയാണ‌ു കോടിയേരിയെ കണ്ടത്. നേതാക്കളായ എ.കെ. ബാലൻ‌, കെ.എൻ. ബാലഗോപാൽ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

എംഎൽഎയ്ക്കെതിരെ ഓഗസ്റ്റ് 14നു വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാഞ്ഞതിനെത്തുടർന്നാണു യുവതി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചത്.