നടി ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടരുന്നെന്ന് പൊലീസ്

പായൽ ചക്രബർത്തി

കൊൽക്കത്ത∙ ബംഗാളി നടിയെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നടി പായൽ ചക്രബർത്തി(38)യെയാണ് ഇന്നലെ വൈകിട്ട് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടി ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്ടോക്കിലേക്കു പോകാനിരുന്നതാണ്. ഇക്കാര്യം ഹോട്ടൽ ജീവനക്കാരെയും അറിയിച്ചിരുന്നു.

തുടർന്ന് ബുധനാഴ്ച വൈകിട്ട് സ്റ്റാഫ് അംഗങ്ങൾ വാതിലിൽ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതിനെത്തുടർന്നുള്ള പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണു സൂചനയെങ്കിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ടിവി സീരിയലുകളിലും വെബ്സീരീസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പായൽ. അടുത്ത കാലത്താണ് ടിവി രംഗത്തു നിന്നു സിനിമയിലേക്കു മാറിയത്. ഭർത്താവിൽനിന്ന് അടുത്തിടെ വിവാഹമോചനം നേടിയ പായല്‍ മകനുമൊത്തായിരുന്നു താമസം.

സിലിഗുരിയിലേക്ക് എന്തിനാണു പായൽ വന്നതെന്നും വ്യക്തമല്ല. റാഞ്ചിയിലേക്കു പോകുകയാണെന്നാണു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്.