‘സൽമാൻ ഖാനെ വിവാഹം ചെയ്യണം’; ഉത്തരാഖണ്ഡിൽനിന്നു കാണാതായ പെൺകുട്ടി മുംബൈയിൽ

സൽമാൻ ഖാൻ (ഫയൽ ചിത്രം)

മുംബൈ∙ ഉത്തരാഖണ്ഡിൽനിന്നു കാണാതായ മനോദൗർബല്യം നേരിടുന്ന പെൺകുട്ടിയെ മുംബൈയിൽ കണ്ടെത്തി. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വിവാഹം ചെയ്യണമെന്നു തീരുമാനിച്ചാണ് ഇവർ മുംബൈയിലെത്തിയത്. സിറ്റി പൊലീസ് ഇവരെ ബുധനാഴ്ച കുടുംബത്തിനു കൈമാറി. ഓഗസ്റ്റ് 11നാണ് 24കാരിയായ പെൺകുട്ടി വീടുവിട്ട് ഇറങ്ങിയത്.

മുംബൈയിലെത്തിയതിനുപിന്നാലെ അവർ സൽമാൻ ഖാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്മെന്റിലെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അകത്തുകയറ്റിവിട്ടില്ല. പിന്നീടു ഈസ്റ്റേൺ ഫ്രീവേയിലുള്ള പാലത്തിലൂടെ പെൺകുട്ടി ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടവരാണു പൊലീസിനെ വിവരം അറിയിച്ചത്.

പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു മെഡിക്കൽ പരിശോധന നടത്തിയപ്പോൾ മനോദൗർബല്യം നേരിടുന്നയാളാണെന്നു വ്യക്തമായതായി സെവ്‌രി എസ്ഐ നാരായൺ തർക്കുൻഡെ അറിയിച്ചു. തുടർന്നു കുടുംബത്തെതപ്പിയുള്ള അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാനെ വിവാഹം ചെയ്യാനായി എത്തിയതാണെന്നു മാത്രമായിരുന്നു ആദ്യ ദിവസങ്ങളിൽ അവർ പൊലീസിനോടു പറഞ്ഞത്. എന്നാൽ ഓഗസ്റ്റ് 29ന് അവർ ചില ഫോൺ നമ്പരുകൾ നൽകി. അതിലൊന്നു പെൺകുട്ടിയുടെ പിതാവിന്റേത് ആയിരുന്നു. പിന്നാലെ മുംബൈയിലെത്തിയ കുടുംബത്തിനു പൊലീസ് പെൺകുട്ടിയെ കൈമാറി.