ഷി ചിൻപിങ് റഷ്യയിലേക്ക്; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയേക്കും

കിം ജോങ് ഉന്ന്, ഷി ചിൻപിങ്

ബെയ്ജിങ്∙ റഷ്യയിൽ നടക്കുന്ന കിഴക്കൻ ഇക്കണോമിക് ഫോറത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ് പങ്കെടുക്കും. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ മാസം പതിനൊന്നു മുതൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ കിമ്മിനെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഈ കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഉച്ചകോടിക്കിടെ ഷി ചിൻപിങ് മറ്റു രാഷ്ട്രതലവൻമാരുമായി കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നും ഇത്തരമൊരു നിർദേശം ഏതെങ്കിലുമൊരു രാജ്യം മുന്നോട്ടു വച്ചാൽ അക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നു വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

നിലവിൽ ഉത്തര കൊറിയയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞ അവസ്ഥയിലാണ്. ഉത്തരകൊറിയയുടെ ആണവബന്ധവും ഇതേത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ പിന്തുണയ്ക്കാനുള്ള ചൈനയുടെ തീരുമാനവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ഈ വർഷം മൂന്നു തവണ ഇതിനോടകം തന്നെ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ ആഴ്ച അവസാനം നടക്കുന്ന ഉത്തരകൊറിയയുടെ എഴുപതാം വാർഷികത്തില്‍ പങ്കെടുക്കാനായി ഷി ചിൻപിങ്ങ‌ിനെ കിം ക്ഷണിച്ചിരുന്നെങ്കിലും പ്രതിനിധി സംഘത്തെ അയയ്ക്കാനാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ തീരുമാനം.