ഗർഭിണിയെ മുളയിൽ കെട്ടിത്തൂക്കി ആശുപത്രിയിലേക്ക്; വഴിയിൽ പ്രസവം

ഗർഭിണിയെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നു. വിഡിയോയിൽനിന്ന് എടുത്ത ചിത്രം.

ഹൈദരാബാദ്∙ വാഹനസൗകര്യമില്ലാത്ത ഗ്രാമത്തിൽനിന്നു ഗർഭിണിയെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ മുളങ്കമ്പുകളിൽ കെട്ടിത്തൂക്കി ബന്ധുക്കളും നാട്ടുകാരും കൊണ്ടുപോകുന്ന വിഡിയോ പുറത്ത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവർ പ്രസവിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് വിസിയനഗരം ജില്ലയിലെ ആദിവാസി ഊരിലെ മുത്തമ്മ എന്ന യുവതിയാണു പ്രസവിച്ചത്.

മുളവടിയിൽ തുണികൊണ്ടു തൊട്ടിലുപോലെ കെട്ടിയുണ്ടാക്കി അതിലിരുത്തിയാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പാറക്കെട്ടുകളും ചെളിയും നിറഞ്ഞ ദുർഘടമായ വഴികളിലൂടെയായിരുന്നു യാത്ര. നാലു കിലോമീറ്ററുകളോളം ഇവർ ഇങ്ങനെ സഞ്ചരിച്ചു. എന്നാൽ പ്രസവവേദന കലശലായ മുത്തമ്മയെ ഇനി ഇങ്ങനെ കൊണ്ടുപോകാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ ഗ്രാമവാസികളായ സ്ത്രീകൾ തന്നെ അവരെ പ്രസവത്തിനായി സഹായിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന യുവാവാണ് ഇതിന്റെ വിഡിയോ ചിത്രീകരിച്ചത്. നിരവധി ത‌വണ അധികാരികളോടു ഗതാഗത സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ തയാറായില്ല. അവരെ ബോധ്യപ്പെടുത്താനാണു താൻ വിഡിയോ പകർത്തിയതെന്നാണു യുവാവ് വ്യക്തമാക്കുന്നത്.

ജൂലൈയില്‍ സമാനമായ മറ്റൊരു സംഭവത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിക്കു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഇരുപത്തഞ്ചുകാരിയായ ഇവരെ ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ 12 കിലോമീറ്ററോളമാണു ചുമന്നത്.