യുഎസിൽ ബാങ്കിൽ വെടിവയ്പ്; ആന്ധ്ര സ്വദേശി അടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

സിൻസിനാറ്റിയിലെ ബാങ്കിലുണ്ടായ വെടിവയ്പിൽ പേടിച്ച യുവതിയെ പൊലീസ് ആശ്വസിപ്പിക്കുന്നു.

ന്യൂയോർക്ക്∙ ഒഹായോയിൽ ബാങ്കിൽ നടന്ന വെടിവയ്പിൽ ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. സിൻസിനാറ്റിയിലെ ഫിഫ്ത്ത് തേർഡ് ബാങ്കില്‍ സാമ്പത്തിക ഉപദേശകനായ പൃഥ്വിരാജ് കണ്ടേപിയാണു കൊല്ലപ്പെട്ടത്. പ്രദേശവാസികളായ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ചു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരുൾപ്പെടെ ചിലർക്ക് നിരവധി തവണ വെടിയേറ്റതായി പൊലീസ് പറഞ്ഞു. അക്രമി ഒമർ എൻറിക് സാന്‍റ പെരേസ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

പൊലീസുമായും  കണ്ടേപിയുടെ കുടുംബാംഗങ്ങളുമായും പ്രദേശത്തെ ആന്ധ്ര സമൂഹവുമായും ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന്  ന്യൂയോർക്കിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി സന്ദീപ് ചക്രവർത്തി അറിയിച്ചു. കണ്ടേപിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടി തുടങ്ങിയെന്നു തെലുഗു അസോസിയേഷൻ ഓഫ് നേർത്ത് അമേരിക്ക പ്രതിനിധി പറഞ്ഞു. അക്രമി ബാങ്കിലെ ജീവനക്കാരനോ മുൻ ജീവനക്കാരനോ അല്ലെന്ന് പൊലീസ് പറഞ്ഞു. ബാങ്കിലെ ലോബിയിലെത്തിയ ഇയാൾ പ്രകോപനമൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നു എന്നാണു വിവരം.