അമേരിക്കയും ഒരു വികസ്വര രാജ്യം; ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇളവുകൾ നിർത്തുമെന്ന് ട്രംപ്

വാഷിങ്ടന്‍∙ ഇന്ത്യയും ചൈനയും പോലെയുള്ള വളരുന്ന സാമ്പത്തിക ശക്തികൾക്ക് ഇളവുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഒരു ‘വികസ്വര രാജ്യ’മാണെന്നും മറ്റേതു രാജ്യത്തേക്കാൾ വേഗത്തിൽ വളരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ ഡക്കോട്ടയില്‍ ഒരു ധനസമാഹരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

സാമ്പത്തികമായി വളർന്നുവരുന്നവ എന്ന ഗണത്തിൽപ്പെട്ട, പുരോഗതി കൈവരിക്കാത്ത രാജ്യങ്ങളുണ്ട്. ഇവയുടെ വളർച്ചക്കു സഹായകരമായാണ് ഇളവുകൾ നൽകുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വികസ്വര രാജ്യങ്ങളായാണ് അവകാശപ്പെടുന്നത്. ആ ഗണത്തിലായതിനാൽ അവർക്ക് ഇളവുകൾ ലഭിക്കുന്നു. നമ്മൾ അവർക്ക് പണം നൽകണമെന്നതു തികച്ചും ഭ്രാന്തമായ അവസ്ഥയാണ്. നമ്മൾ ഇത് നിർത്താൻ പോകുകയാണ്. നമ്മളിതു നിർത്തി കഴിഞ്ഞു – ട്രംപ് പറഞ്ഞു.

അമേരിക്കയും വളരുന്ന രാജ്യമായതിനാൽ ‘വികസ്വരരാജ്യ’ മാണെന്നാണ് തന്‍റെ കാഴ്ചപ്പാടെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെ സാമ്പത്തികമായി വൻ ശക്തിയായി വളരാൻ അനുവദിച്ചത് ലോക വ്യാപാര സംഘടനയാണെന്നും യുഎസ് പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിന്‍റെ ആരാധകനാണ് താനെന്നും എന്നാൽ വർഷം തോറും യുഎസിൽ നിന്നും 500 ബില്യൻ ഡോളർ കൈപ്പറ്റി പുനർ‌നിർമ്മാണം നടത്തുന്നത് ശരിയല്ലെന്ന് ചിൻപിങ്ങിനോടു തന്നെ നേരിട്ടു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.