യോഗേന്ദ്ര യാദവ് ‘സഹോദരൻ’; അറസ്റ്റ് സ്വേച്ഛാധിപത്യപരം: കമൽ ഹാസൻ

കമൽ ഹാസൻ (ഫയൽ ചിത്രം)

ചെന്നൈ∙ എഎപി മുൻ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ തമിഴ്നാട്ടിൽ തടങ്കലിൽ വച്ച നടപടിയെ വിമർശിച്ച് തെന്നിന്ത്യൻ താരവും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ. യോഗേന്ദ്ര യാദവിനെ ‘സഹോദരൻ’ എന്നു വിശേഷിപ്പിച്ച കമൽ, നമ്മുടെ കർഷകരുടെ അവസ്ഥയെക്കുറിച്ച് അറിയാനാണ് ‘മറ്റൊരു സംസ്ഥാനത്തുനിന്നുള്ള രാഷ്ട്രീയക്കാരൻ’ എത്തിയതെന്നും പറഞ്ഞു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ കർഷകരുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത നടപടി സ്വേച്ഛാധിപത്യപരമാണെന്നും അതു വിമർശിക്കപ്പെടുകയും അപലപിക്കേണ്ടതുമാണെന്നും കമൽ വ്യക്തമാക്കി. അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെടുന്നതിൽനിന്നു തടയുന്ന നടപടിയാണിത്. ഭയം കൂടാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും കഴിയണം– വാർത്താകുറിപ്പിൽ കമൽ പറഞ്ഞു.

സമരക്കാർ ക്ഷണിച്ചതിനെത്തുടർന്ന് എത്തിയ തന്നെ പൊലീസ് കയ്യേറ്റം ചെയ്തെന്നും ഫോൺ പിടിച്ചെടുത്തെന്നുമാണു യോഗേന്ദ്ര യാദവ് അറിയിച്ചത്. സേലം – ചെന്നൈ എട്ടുവരി അതിവേഗ പാതയ്ക്കെതിരെ പ്രദേശവാസികളും കർഷകരും ദിവസങ്ങളായി സമരം ചെയ്തുവരികയാണ്. കമൽ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ സമരക്കാർക്കു പിന്തുണ അറിയിച്ചിരുന്നു.