പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമായി, ഇനിയും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകും : ഉമ്മന്‍ ചാണ്ടി

ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ ഇന്ധനവില വര്‍ധനവിനെതിരേ രാജ്യമൊട്ടാകെ നടന്ന ഹര്‍ത്താലിലൂടെ ശക്തമായ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടുവെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. രാജ്യത്തെ പ്രമുഖ 21 പാര്‍ട്ടികളാണ്‌ ഹര്‍ത്താലില്‍ പങ്കെടുത്തത്‌. വര്‍ഗീയ, ഫാഷിസ്റ്റ്‌ ശക്തിയായ ബിജെപിക്കെതിരേ ഇതാദ്യമായാണ്‌ ഇത്രയും കക്ഷികള്‍ അണിനിരക്കുന്നത്‌. ഇതു ജനാധിപത്യ, മതേതര വിശ്വാസികളെ ആവേശഭരിതവും പ്രതീക്ഷാനിര്‍ഭരവുമാക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇന്ധനവില വര്‍ധനവ്‌ ഉള്‍പ്പെടെയുള്ള ജനദ്രോഹനടപടികള്‍ക്കെതിരേ ഇനിയും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകും. കൂടുതല്‍ കക്ഷികളെയും പ്രസ്ഥാനങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കും. ദേശീയതലത്തില്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യം ഇത്രയും ശക്തമായ താക്കീതു നൽകിയിട്ടും ഇന്ധനവില കുതിച്ചു കയറുകയാണ്‌. തിരുവനന്തപുരത്ത്‌ ഒരു ലിറ്റര്‍ പെട്രോളിന്‌ 83.87 രൂപയും ഡീസലിന്‌ 77.81 രൂപയുമാണ്‌ തിങ്കളാഴ്‌ചത്തെ വില. മുബൈയിലേക്കാള്‍ (77.32) ഉയര്‍ന്ന നിരക്കിലാണ്‌ കേരളത്തില്‍ ഡീസല്‍ വിൽക്കുന്നത്‌.

ഓഗസ്റ്റ്‌ 31 മുതല്‍ തുടര്‍ച്ചയായി ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെട്ട്‌ ഇന്ധനവില കുറച്ച്‌ ജനങ്ങളില്‍ ആശ്വാസം എത്തിക്കണമെന്ന്‌ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ജനാധിപത്യം അട്ടിമറിച്ച്‌ അടുത്ത 50 വര്‍ഷം രാജ്യം ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറ്റുനോക്കുന്നതിന്റെ ജാള്യം മറക്കാനാണ്‌ ബിജെപി ഇത്തരം അവകാശവാദങ്ങള്‍ ഉന്നിയിക്കുന്നതെന്ന്‌ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.