വിപണിയിൽ ഇടിവ് തുടരുന്നു; സെൻസെക്സ് – 37,413, നിഫ്റ്റി – 11,287

മുംബൈ∙ ഓഹരി വിപണിയിൽ ഇന്നും കനത്ത ഇടിവ്. ബിഎസ്ഇ സെൻസെക്സ് 509 പോയിന്റ് ഇടിഞ്ഞ് 37,413 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റ് താഴ്ന്ന് 11,287 ലും ക്ലോസ് ചെയ്തു. ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വിൽപന സമ്മർദമാണു വിപണിക്കു തിരിച്ചടിയായത്. എണ്ണവിലയുടെ വർധനയും രൂപയുടെ മൂല്യ തകർച്ചയും വിപണിയിൽ പ്രതിഫലിച്ചു.

ബിഎസ്ഇയിൽ ബാങ്ക്, ഓട്ടോ, എഫ്എംസിജി, മെറ്റൽ ഉൾപ്പെടെ എല്ലാ വിഭാഗം ഓഹരി സൂചികകളും നഷ്ടത്തിലായിരുന്നു. 876 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,811 ഓഹരികൾക്കു നഷ്ടം നേരിട്ടു. കോൾ ഇന്ത്യ, എൻടിപിസി, ഇൻഫോസിസ് എംആൻഡ്എം എന്നിവയാണു നേട്ടമുണ്ടാക്കിയ ഓഹരികൾ. ടൈറ്റൻ കമ്പനി, ടാറ്റാ സ്റ്റീൽ, ഐഡിയ സെല്ലുലർ, പവർ ഗ്രിഡ് കോർപ് എന്നീ ഓഹരികൾക്കു നഷ്ടം നേരിട്ടു.