ചന്ദ്രശേഖര്‍ റാവുവിന് പ്രതിപക്ഷ ഭീഷണി; തെലങ്കാനയിൽ കോൺഗ്രസ്, ടിഡിപി, സിപിഐ സഖ്യം

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്∙ തെലങ്കാനയിൽ വീണ്ടും വെന്നിക്കൊടി പാറിക്കാനുള്ള കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തിനെതിരെ മറുതന്ത്രം പയറ്റി പ്രതിപക്ഷം. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കോൺഗ്രസും സിപിഐയും ചേർന്ന് സഖ്യമുണ്ടാക്കി തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചു. അതിനിടെ, പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് വിവിധ പാർട്ടികളുടെ നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കൾ‌ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടന്നാൽ സംസ്ഥാനത്തെ റെഡ്ഡി വിഭാഗവും പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. ഒബിസി വിഭാഗങ്ങൾക്കിടയിൽ ടിഡിപിക്കുള്ള സ്വാധീനവും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് അവർ കണക്കുകൂട്ടുന്നു. 

പിരിച്ചുവിട്ട നിയമസഭയിൽ 119ൽ 90 സീറ്റും ടിആര്‍എസ്സിനായിരുന്നു. എന്നാൽ, പ്രതിപക്ഷ വോട്ടുകൾ‌ ഭിന്നിച്ചുപോകാതെ നോക്കിയാൽ തെലങ്കാനയിൽ വിജയത്തിലെത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2019 മേയ് വരെ നിലവിലെ സർക്കാരിന് കാലാവധിയുണ്ടായിരുന്നു, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തേണ്ടെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചുവിടുകയായിരുന്നു.