മല്യയെ ബ്രിട്ടനിൽനിന്ന് ഇന്ത്യയിൽ എത്തിക്കാനാകുമോ?; വിധി ഡിസംബറിൽ

വിജയ് മല്യ.

ന്യൂഡൽഹി∙ സാമ്പത്തിക തട്ടിപ്പുകേസിൽ വിജയ് മല്യയെ യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കാനാകുമോയെന്ന കാര്യത്തിൽ ഡിസംബർ 10ന് വിധി പറയും. ഇംഗ്ലണ്ട് ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത്‍നോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസിക്യൂഷന്‍ അവരുടെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇനി ജഡ്ജിമാരാണു തീരുമാനമെടുക്കേണ്ടതെന്നു കോടതിയിൽനിന്നു പുറത്തെത്തിയ മല്യ പറഞ്ഞു. 

മല്യയെ ബ്രിട്ടനിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇന്ത്യയിലെ ജയിലിൽ അദ്ദേഹത്തിനു കഴിയാനാകുമോയെന്നു വിശദമായി പരിശോധിക്കുമെന്നു ലണ്ടൻ കോടതി നേരത്തേ അറിയിച്ചിരുന്നു. മുംബൈ ആർതർ റോഡ് ജയിലിലെ 12–ാം നമ്പർ ബാരക്കിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ വ്യക്തമാക്കുന്ന എട്ടുമിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ കോടതിയുടെ പക്കലുണ്ട്.‌ സിബിഐ ആണ് വിഡിയോ ഹാജരാക്കിയത്. 

9000 കോടിയുടെ ബാങ്ക് വായ്പാത്തട്ടിപ്പുകേസ് പ്രതിയായ 62കാരൻ മല്യയെ പാർപ്പിക്കാൻ ജയിലിൽ വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യ ഒരുക്കിയിട്ടുള്ളത്. സ്വന്തമായി ഉപയോഗിക്കാൻ ടിവി സെറ്റ്, ശുചിമുറി, കിടക്ക, പുറത്തിറങ്ങി നടക്കാനുള്ള സൗകര്യം എന്നിവ തയാറാക്കി. ഇന്ത്യയിലെ ജയിലുകളിൽ സ്വാഭാവിക വെളിച്ചവും ശുദ്ധവായുവും കിട്ടാൻ മാർഗമില്ലെന്നു കോടതി മുൻപാകെ മല്യ പരാതിപ്പെട്ടിരുന്നു. തുടർന്നാണു ലണ്ടൻ കോടതി ജഡ്ജി ഇന്ത്യൻ ജയിലുകളുടെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ ഹാജരാക്കാൻ നിർദേശിച്ചത്.

മല്യയുടെ ജയിലിലെ മുറി കിഴക്കോട്ടു ദർശനമായുള്ളതാണ്. അതുകൊണ്ടു സൂര്യപ്രകാശം ധാരാളം ലഭിക്കുമെന്നു സിബിഐ മുതിർന്ന ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. വൃത്തിയുള്ള ജയിൽമുറി, പുറത്തു നടക്കാനുള്ള സൗകര്യം, ലൈബ്രറി, ആശുപത്രി സൗകര്യങ്ങൾ എന്നിവയെല്ലാം ലഭ്യമാണെന്നും വ്യക്തമാക്കി. ബാങ്കുകൾ നിയമനടപടികൾ ആരംഭിച്ചതോടെ 2016 മാർച്ചിലാണു മല്യ ബ്രിട്ടനിലേക്കു കടന്നത്. ഇന്ത്യ ആവശ്യപ്പെട്ടതുപ്രകാരം മല്യയുടെ നാടുകടത്തൽ സംബന്ധിച്ച വിചാരണ ലണ്ടൻ കോടതിയിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് ആരംഭിച്ചത്.