ശത്രുക്കളെ സഹായിക്കാനില്ലെന്ന് ഹാർദിക് പട്ടേൽ; നിരാഹാര സമരം അവസാനിപ്പിച്ചു

ഹാര്‍ദിക് പട്ടേൽ

അഹമ്മദാബാദ്∙ കാർഷിക കടാശ്വാസവും പട്ടേല്‍ വിഭാഗക്കാർക്കു സംവരണവും ആവശ്യപ്പെട്ടു പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായി ഉപകാരം ചെയ്യാനില്ലെന്നു  പ്രഖ്യാപിച്ചാണ് 19–ാം ദിവസം ഹാർദിക് സമരം അവസാനിപ്പിച്ചത്.

ആവശ്യങ്ങൾ കേന്ദ്ര സർക്കാര്‍ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തില്‍ അനുയായികളുടെ നിർബന്ധത്തിനു വഴങ്ങി സമരം നിര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ഇഷ്ടപ്പെടുന്നവർക്കുവേണ്ടി മരിക്കാൻ എനിക്കു സാധിക്കും. എന്നാൽ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഉപകാരം ചെയ്യാൻ എനിക്കാവില്ല– ഹാർദിക് വ്യക്തമാക്കി.

ഓഗസ്റ്റ് 25നാണ് 24–കാരനായ പട്ടേൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. സമരത്തിനിടെ ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി എ.രാജ തുടങ്ങിയവർ ഹാർദിക്കിനെ സന്ദർശിച്ചിരുന്നു. ഹാർദിക്കിന്റെ നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കോൺഗ്രസ് ഇതിനു പിന്തുണ നൽകുന്നതായും സംസ്ഥാന സർക്കാർ ആരോപിച്ചു.