യുഎസിൽ അഞ്ചു പേരെ കൊലപ്പെടുത്തി തോക്കുധാരി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം.

ലൊസാഞ്ചലസ്∙ യുഎസിലെ കലിഫോർണിയയിൽ വീണ്ടും തോക്കുധാരിയുടെ ആക്രമണം. ഭാര്യയുൾപ്പെടെ അഞ്ചുപേരെ വെടിവച്ചു കൊല്ലപ്പെടുത്തിയശേഷം തോക്കുധാരി ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. ബേക്കേഴ്സ്ഫീൽഡ് നഗരത്തിലാണു സംഭവം. പ്രാദേശിക സമയം വൈകിട്ട് 5.19നാണു വെടിവെയ്പ്പു സംബന്ധിച്ചു പൊലീസിന് ആദ്യ റിപ്പോർട്ട് ലഭിച്ചതെന്നും തങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും മൂന്നു പേരെ വധിച്ച പ്രതി സ്ഥലംവിട്ടിരുന്നതായും കേൺ കൗണ്ടി ഷെരീഫ് ഓഫിസിലെ ലഫ്റ്റനന്‍റ് മാർക്ക് കിങ് അറിയിച്ചു. തുടർന്നു മറ്റൊരിടത്തു രണ്ടു പേരെ കൂടി കൊലപ്പെടുത്തിയ ഇയാൾ പൊലീസിനെ കണ്ടപ്പോൾ സ്വയം നിറയൊഴിക്കുകയായിരുന്നു.

വലിയ കാലിബർ കൈത്തോക്കാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും സംഭവത്തിന്‍റെ വ്യക്തമായ ചിത്രം ലഭിക്കാനായി 30ൽ അധികം ദൃക്സാക്ഷികളിൽനിന്നു മൊഴിയെടുത്തു വരികയാണെന്നും കിങ് വ്യക്തമാക്കി. തോക്കുധാരികളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ യുഎസിൽ പതിവാണ്. ലോക ജനസംഖ്യയുടെ നാലു ശതമാനം മാത്രമെ വരുന്നുള്ളുവെങ്കിലും 40 ശതമാനം തോക്കുകളും കൈവശം വച്ചിരിക്കുന്നത് അമേരിക്കകാരാണ്. ആഗോളതലത്തിൽ 857 ദശലക്ഷം സാധാരണ പൗരൻമാരുടെ കൈവശം തോക്കുള്ളപ്പോൾ, ഇതിൽ 393 ദശലക്ഷവും യുഎസിലാണ്.