ട്രെയിനിനു നേരെ കല്ലെറിഞ്ഞതിലേറെയും കുട്ടികൾ; സ്കൂളുകളിൽ ആർപിഎഫ് ബോധവൽക്കരണത്തിനെത്തും

കോട്ടയം∙ തിരുവനന്തപുരം ഡിവിഷനു കീഴിൽ ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടാകുന്നതു കൂടുതലും കൊല്ലം, ആലപ്പുഴ, തൃശൂർ, നാഗർകോവിൽ മേഖലകളിലാണെന്നു റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്). പിടിക്കപ്പെടുന്നവരിലേറെയും കുട്ടികളായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണം ആരംഭിക്കും. കഴിഞ്ഞ വർഷം മാത്രം നാൽപതിലേറെ കേസുകളാണു ഡിവിഷനു കീഴിൽ റജിസ്റ്റർ ചെയ്തത്.

റെയിൽവേ ട്രാക്കിനോടു ചേർന്നു വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളാണു ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം മനസിലാക്കാതെ ട്രെയിനിനു നേരെ കല്ലെറിയുന്നതിതെന്നാണു കണ്ടെത്തിയത്. ഇതിനു പുറമേ ചിലർ ട്രാക്കുകളിലും പാളത്തിലും കല്ലുകൾ എടുത്തു വയ്ക്കുകയും ചെയ്യും. പിടിക്കപ്പെട്ടാൽ അഞ്ചു വർഷം വരെ കഠിന തടവാണു ശിക്ഷ. ജാമ്യം ലഭിക്കില്ല. കുട്ടികളാണു കുറ്റക്കാരെങ്കിൽ മാതാപിതാക്കളും ഉത്തരവാദികളാകും.

റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള വീടുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കി പ്രത്യേക ലഘുലേഖകളുമായെത്തിയാകും സുരക്ഷാ സേനാ ഉദ്യോഗസ്ഥർ ബോധവൽക്കരണം നടത്തുന്നത്. പാലക്കാട് ഡിവിഷനിൽ കണ്ണൂർ – കാസർകോട്, തിരൂർ – കോഴിക്കോട്, കാസർകോട് – മംഗലാപുരം മേഖലകളി‍ൽ വ്യാപക കല്ലേറു നടക്കുന്നുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ വർഷം 23 കേസുകളാണു റജിസ്റ്റർ ചെയ്തത്.